Tuesday, December 7, 2010

എസ്.കണ്ണൻ: മട്ടാഞ്ചേരി ചർച്ച

മട്ടാഞ്ചേരി മീറ്റിംഗില്‍ പറഞ്ഞ കാര്യങ്ങള്‍ വാക്കുകളേയും ആശയങ്ങളേയുംകാള്‍ അവിടെയന്നുകൂടിയവരുടെ ഉണര്‍വിലും ആഗ്രഹത്തിലും പുതുകവിതയുടെ എന്നല്ല മലയാളകവിതയുടെ തന്നെ അറുകലുഷമായ സമകാലിക അവസ്ഥകൊണ്ടും കൂടി പ്രസരിപ്പിക്കപ്പെട്ട ഒരു സംവാദമായിരുന്നു. അത് ഇപ്പോളിങ്ങനെ പുനര്‍ ക്രമീകരിച്ചാലത്രമാത്രം ഈര്‍ജ്ജം അതിനുണ്ടാവുയെന്നറിയില്ല.
പോയിന്റുകള്‍ മാത്രം താഴെക്കൊടുക്കുന്നു.
ജയചന്ദ്രന്‍ എന്നെ അക്ഷരാര്‍ത്ഥത്തില്‍ വിചാരണ ചെയ്യുകയായിരുന്നു.
സി.എസ് ജയചന്ദ്രന്‍: പുതുകവിതയുടെ പരിസരങ്ങളേയും തത്വത്തേയുമൊക്കെപ്പറ്റി സാമൂഹ്യശാസ്ത്ര പരമായ വിശദീകരണങ്ങളുമായി നിരവധി ലേഖനങ്ങളൊക്കെ എഴുതപ്പെടുന്നുണ്ടെങ്കിലും കാവ്യശാസ്ത്രപരമായി പുതുകവിതയെ എങ്ങനെ വിശദീകരിക്കും.

എസ്.കണ്ണന്‍: പുതുകവിതയുടെ ലക്ഷണങ്ങളും പ്രത്യേകതകളും കാവ്യശാസ്ത്ര പരമായിത്തന്നെ ഉണ്ടാവണമെന്നില്ല. കാരണം പുതുകവിത പിറന്നത് സാഹിത്യപാരമ്പര്യത്തില്‍ നിന്നുമാത്രമല്ല. ഡപ്പാംകൂത്ത് സിനിമ കാണുകയും ഫ്രീക്ക് ഔട്ട് ജീവിതത്തെ നയിക്കുകയും, ബ്രേക്ക് ഡാന്‍സും, പോപ്പ് മ്യൂസിക്കുമൊക്കെ ആസ്വദിച്ച് നടക്കുകയും മിമിക്രി കാണുകയുമൊക്കെ ചെയ്യുന്നവരില്‍ നിന്നും കൂടയാണ് പുതുകവിത ഉണ്ടായിരിക്കുന്നത്. അതിനാല്‍ പരമ്പരാഗത വായനക്കാരെ ഒഴിവാക്കുന്നതിനോടൊപ്പം വായനയിലേക്ക് പാരമ്പര്യംകൊണ്ട് (മതപരമായതടക്കം) വായനയിലേക്ക് വരാന്‍ സാദ്ധ്യതയില്ലാതിരുന്ന കുറു ആള്‍ക്കാരെ വായനക്കാരും എഴുത്തുകാരുമാക്കുന്നു. വസ്തു, ചിത്രം, ദൃശ്യം എന്നിവയുടെ വിന്യാസത്തിന്റെ ഒരുഘടനയിലൂടെയാണ് പുതുകവിത അതിന്റെ സവിശേഷത പ്രകടിപ്പിക്കുന്നത് എന്നാണ് എനിക്ക് പറയാനുള്ളത്.

സി.എസ്: അപ്പോളീ വസ്തുവും ചിത്രവും ദൃശ്യവുമൊന്നും മുന്‍കാല കവിതയിലില്ലേ.

എസ്.: തീര്‍ച്ചയായും എന്നാല്‍ ഓരോകാലത്തെ കവിതയ്ക്കും അതിന്റെ താളം നിലനിര്‍ത്തുവാന്‍ സ്വീകരിച്ച ഘടകങ്ങളുണ്ട്. കുമാരനാശാന്റെ കവിതകളില്‍ പ്രൗഢപദങ്ങളുടെ വിന്യാസമാണ് അതിന്റെ താളമായി വരുന്നത്. അര്‍ത്ഥവും, വസ്തുവും ചിത്രവും ദൃശ്യവുമൊക്കെയുണ്ടെങ്കിലും അതിന്റെ പ്രകടമായ താളം പ്രൗഢപദങ്ങളുടെ ശബ്ദത്തിന്റേതാണ്. ആധുനികതയുടെതാണെങ്കില്‍ അര്‍ത്ഥത്തിന്റെ തലത്തിലാണ് ഈ താളം സ്ഥിതി ചെയ്യുന്നത്. അതിനാല്‍ പലപ്പോഴും ബാഹ്യമായി പുതുകവിതയുടേതു പോലെ തന്നെ താളമില്ലാത്തതാണ് അക്കാലത്തെ കവിതയെന്നു തോന്നി. പുതുകവിതയില്‍ വസ്തു, ചിത്രം, ദൃശ്യം എന്നിവയുടെ വിന്യാസത്തിലുള്ള താളമാണ് ദീക്ഷിക്കുന്നത്. തന്നെയുമല്ല മനുഷ്യര്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന എന്തെങ്കിലും പ്രത്യയശാസ്ത്രം നിലനില്‍ക്കുന്നില്ല. (കമ്യൂണിസത്തിന്റെ തകര്‍ച്ച) എന്നും പരസ്പര വിശ്വാസം പോലും അപടത്തിലാണ് എന്നും (ബാബറി മസ്ജിദ് തകര്‍ക്കല്‍) വന്നഘട്ടത്തില്‍ മനുഷ്യര്‍ നിര്‍മ്മിക്കുന്ന വസ്തുക്കളിലും അവര്‍ക്കാവശ്യമുള്ളവയിലും പരസ്പരമുള്ള കരുതലും മനുഷ്യപ്പറ്റും ചൂണ്ടിക്കാണിച്ചു കൊടുക്കാനുമാണ് പുതുകവിതശ്രമിക്കുന്നത്. തന്നെയുമല്ല പാരമ്പര്യസിദ്ധമായ ഭാഷയെ ഉപേക്ഷിക്കുക എന്നുള്ളതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. നിലവിലുള്ള അര്‍ത്ഥം അധികാരത്തിന്റേതാകുമ്പോള്‍ ഭാഷയുടെ അര്‍ത്ഥാധികാരത്തെ മറികടക്കാന്‍ പുതിയ വസ്തുക്കളും ചിത്രങ്ങളും ദൃശ്യങ്ങളും വിന്യസിച്ച് ഇതുവരെ ആവിഷ്‌കരിക്കപ്പെടാത്ത ഒരു ചലന പ്രവണത തന്നെ കണ്ടെത്തുന്നു. അതിലൂടെ ഒരു പുതിയ ഭാഷ എന്നുള്ളതാണ് സ്വപ്നം . ഇത് മനസ്സിലാക്കികൊണ്ട് ഭാഷയുടെ പൊക്കിള്‍ തണ്ട് കവിതയിലാണ് കുഴിച്ചിട്ടിരിക്കുന്നത് എന്നറിയവുന്ന പാരമ്പര്യവാദികള്‍ ഇതിനെ അവുടെ കമ്യൂണിസ്റ്റ് ചേരിയിലൊളിഞ്ഞിരിക്കുന്ന അനുചരന്‍മാരെയടക്കം കൊണ്ടുവന്ന് എതിര്‍ക്കുന്നത്.
സി.എസ്: അപ്പോള്‍ പാരമ്പര്യം കവിതയിലൊട്ടുമില്ലെന്നാണോ? പാരമ്പര്യത്തെ ഒട്ടുമേ സ്വീകരിക്കാതിരിന്നില്‍ വേരുകളില്ലാത്തവരായിപ്പോകുകയില്ലേ അത്തരം ധാരണകളുടെ പോസിറ്റീവ് അംശങ്ങളേ എന്തു ചെയ്യും.
എസ്.: പാരമ്പര്യത്തെ തന്നെ വീണ്ടെടുക്കാന്‍ ഞാന്‍ പറഞ്ഞ ഈ രീതിയാണ് നല്ലത് പാരമ്പര്യത്തിന്റെ സൈദ്ധാന്തികമായ നിലകളെ അതേപടി ഭാഷയിലാക്കി വയ്ക്കുകയാണ് പലപ്പോഴും ''ഒരു നിശ്ചയുമില്ല ഒന്നിനും.... വരുമോരോ ദശ വന്നപോലെ പോകും..... തിരിയാ ലോകരഹസ്യമാര്‍ക്കുമേ''. എന്നിങ്ങനെ പറയുമ്പോള്‍ വിധിവാദത്തിന്റെയും മായംവാദത്തിന്റെയുമൊക്കെ ആശയങ്ങളെ അതേപടിയെഴുതുകയാണ് സ്വന്തം ജീവിതം കൊണ്ട് സ്വന്തരക്തത്തില്‍ ഉയിര്‍ത്തെഴുന്നേറ്റതല്ല ആ ആശയമെന്ന് കാണാം. രവീന്ദ്രനാഥ ടാഗോറിനാല്‍ പ്രചോദിതനാക്കുകയും ഇന്‍ഡ്യയിലും ബര്‍മയിലുമൊക്കെ അംബാസിഡറായിരിക്കുകയുമൊക്കെ ചെയ്ത നെരൂദയുടെ സിംഹം എന്ന കവിതയില്‍ ഈ ആശയത്തെ എത്രമാത്രം തന്റേതാക്കി കവിതയാക്കിയിരിക്കുന്നെന്ന് നോക്കൂ (വരികളായി ഓര്‍ക്കുന്നില്ല) ചിലകാഴ്ചകള്‍ കൊടുക്കാം.
സിംഹം കടലില്‍ നിന്നാണ് വന്നത്.
അതിന്റെ അലര്‍ച്ച
.......................................
പതുക്കെ പതുക്കെ
അതിന് മനസ്സിലായി
കടല്‍നുരകളും .............
പക്ഷികളും മാത്രമാണ് അതിന്
തിന്നാനുള്ളതെന്ന്
..........................................
അതിന് അതിന്റെ
അറോഗന്റ്ആയ അപ്പിയറന്‍സില്‍
അതിന് ലജ്ജതോന്നി
പിന്നീട് അത് വീടുകളുടെ
പോര്‍ട്ടിക്കോകളില്‍ ഒരു
അലങ്കാരവസ്തുവായി

മൂന്‍കാലുകളില്‍ താടിയമര്‍ത്തി
അത് മഴയെനോക്കിക്കിടന്നു
അതിന്റെ ജിയോഗ്രഫിക്കല്‍ അവറിനെ കാത്തുകിടന്നു.

ഇങ്ങനെ ഈ കിഴക്കന്റെ ആശയത്തെ എത്രമാത്രം ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു എന്നു നോക്കുക. 'മെര്‍മ്മേയ്ഡ്' എന്ന കവിതയിലുമുണ്ടത്. പാരമ്പര്യത്തിന്റെ പ്രേതജീവിതം എന്ന വിനാശത്തിന് മറ്റൊരു പ്രധാനപ്പെട്ട കാര്യം ജാതിയാണ്. സാമൂഹ്യപരിഷ്‌കാരത്തിന്റെ ഭാഗമായിവരുന്ന പല കവികള്‍ക്കും കവിതയിലെ അധികാരികളായ സവര്‍ണരുടെ സമ്മതിവേണ്ടതുകൊണ്ട് ഇത്തരം വീട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരും. ഉദാ:കുമാരനാശാന്‍ സംസ്‌കൃതപദങ്ങളോട് കിടനില്‍ക്കുന്ന ശബ്ദ പ്രൗഡിയുള്ള പദങ്ങള്‍ ഉപയോഗിക്കേണ്ടിവന്നതും സ്വയം ഒരു ബുദ്ധസമുതാനുഭാവിയായിരിക്കേ ഉപനിഷത് ആശയങ്ങളെ സ്വന്തം കവിതയിലൂടനീളം തിരുകിക്കയറ്റുകയും ചെയ്തതു തന്നെയെടുക്കാം.
സി.എസ് ജയചന്ദ്രന്‍: വസ്തുവിന്റെയും ചരിത്രത്തിന്റെയും ദൃശ്യത്തിന്റെയും പ്രാമാണ്യം എങ്ങനെ തെളിയിക്കും.
എസ്.കണ്ണന്‍: പണ്ടൊക്കെ ഒരു കൊലക്കുറ്റം നടന്നാല്‍ പ്രശ്‌നം വെച്ചുനോക്കുകയോ മഷിയിട്ടു നോക്കുകയോ ആയിരുന്നു. ഒരേയൊരു മാര്‍ഗ്ഗം എന്നാലിന്നു കുറേക്കൂടെ കാവ്യാത്മകവും മറ്റ് അതിന്ദ്രിയതയെ ആശ്രയിക്കാത്തതുമായ ശാസ്ത്രീയരീതികളുണ്ട്. ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മാര്‍ട്ടം ചെയ്യുക, ഫോറന്‍സിക് തെളിവുകള്‍ ശേഖരിക്കുക, തൊണ്ടി സാധനങ്ങള്‍ കണ്ടെടുക്കുക പട്ടിയെക്കൊണ്ട് മണപ്പിക്കും എന്നിങ്ങനെ നിരവധി രീതികളിലുടെയാണ് കൊലപാതകത്തിന്റെ രഹസ്യത്തിലേക്ക് ചെല്ലുന്നത് അതുപോലെ സിദ്ധാന്തങ്ങളൊഴിഞ്ഞ ഈ കാലത്ത് ഒരു ജിവിത സന്ദര്‍ഭത്തിന്റെ രഹസ്യത്തിലേക്കെത്താന്‍ അതിന്റെ പ്രകടമായ ഘടകങ്ങളിലൂടെ അതിലേക്കുള്ള പ്രവേശമാരംഭിക്കുകയാണ് പുതുകവിത. ഞാനിപ്പോള്‍ ഒറ്റക്കവിതാ പഠനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. അതിലാദ്യമായി ചെയ്തത് വി.മുസഫര്‍ അഹമ്മദിന്റെ പൊതിക്കെട്ടുകള്‍ എന്ന കവിതയാണ്. അതില്‍ നാട്ടിലേക്കയച്ച ചിലസമ്മാനങ്ങള്‍ ദിശമാറി പാക്കിസ്ഥാനിലെത്തുന്നതും അത് തിരികെ ലഭിക്കുന്നതുമാണ് പ്രമേയം. വീട്ടിലെക്കയച്ചു സമ്മാനങ്ങളെ പിന്തുടര്‍ന്ന മൂസഫറിന്റെ കവിത ഇന്‍ഡ്യ പാക്കിസ്ഥാന്‍ വിഭജനത്തില്‍ ചെന്നു നില്‍ക്കുന്നു. ഇതൊരുദാഹരണമാണ്. പുതുപുതുകവിതയില്‍ ദൃശ്യത്തെ ബ്രേക്ക് ചെയ്യാനുള്ള ശ്രമങ്ങളും ഭാഷയിലേക്കു കയറാനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു. കുഴൂര്‍ വില്‍സന്റെ റോഡ് മുറിച്ചു കടക്കുന്ന കവിതയില്‍ ''അപ്പുറം ഒരു വേപ്പ് മരം നില്‍ക്കുന്നതു കാണാം അതില്‍ കയ്പ്പ് കാണുമായിരിക്കും'' എന്നു പറയുന്നുണ്ട്. ഇത് പ്രതീതിയുടെ വ്യാജത്തിനെ സൂചിപ്പിക്കുന്നതാണ് അത് കവിതയുടെ പോസിറ്റീവ് അയ ഒരുഘട്ടം പാരമ്പര്യത്തിനെ മറികടക്കേണ്ടതിന്റെ മറ്റൊരു കാര്യം ഞാന്‍ പറയാം ഇയിടെ പി.പി രാമചന്ദ്രന്റെ ഒരു കവിത കണ്ടു.
ആശുപത്രിയിലെ പ്രസവം കണ്ടുനില്‍ക്കുന്ന ഒരുമാവിന്റെ മാതൃത്വം പൂങ്കുലകള്‍ പൊട്ടിത്തുറന്ന് പ്രകടിപ്പിക്കുന്നതാണിതിലെ പ്രമേയം ഇതൊരു പാരമ്പര്യ വാദപരമായ ഒരു കാഴ്ചപ്പാടിനെ അതേപടിപിന്‍പറ്റുന്ന കവിതയാണ്. എന്നാല്‍ ഞാനിയിടെ ഒരു സിനിമ കാണുകയുണ്ടായി. അതില്‍ ഒരമ്മയ്ക്കു തനിക്കുണ്ടായ കുട്ടിയോടു കടുത്ത അവര്‍ഷന്‍ ഉണ്ടാകുന്നതാണ്. അവളുടെ അമ്മ, അമ്മയെന്ന നിലയ്ക്കുള്ള ചുമതലകളെപ്രതി അവളെ പഴിക്കുകയും. വെറുപ്പു പ്രകടിപ്പിക്കുകയും ഭര്‍ത്താവ് അവരെ സമ്മര്‍ദ്ദപ്പെടുത്തുകയും ചെയ്യുമ്പോള്‍ അവള്‍ ആ കുഞ്ഞിനെയുമായി അവിടെ നിന്ന് ഒളിച്ചോടി ഒരു ക്ലിനിക്കില്‍ അഭയം പ്രാപിക്കുകയും ആ കുഞ്ഞിനെയും അമ്മയേയും ആ ക്ലീനിക്ക് സംരക്ഷിക്കുകയും ചെയ്യുന്നതാണ് പ്രമേയം ജീവിതത്തിന്റെ സാമ്പ്രദായിക സങ്കല്‍പ്പങ്ങളെ പിന്തുടരുന്നതിനേക്കാള്‍ കുറച്ചുകൂടി മെച്ചമാണ് ജീവിതത്തിന്റെ വിടവുകളെ കവിതകൊണ്ട് ജീവനുറ്റതാക്കിയെടുക്കുക എന്നും ഞാന്‍ കരുതുന്നു. അതിനാല്‍ പാരമ്പര്യത്തെ പുതിയ ജീവിത സന്ദര്‍ഭങ്ങളിലൂടെ ജീവസുറ്റതാക്കിയെടുക്കുകയും അപാരമ്പര്യമായ ദൃശ്യങ്ങളെക്കൊണ്ട് കവിതയെ പുനര്‍നിര്‍മ്മിക്കുകയും ആവശ്യമാണ്.

No comments:

Post a Comment