Tuesday, December 7, 2010

എസ്.കണ്ണൻ: മട്ടാഞ്ചേരി ചർച്ച

മട്ടാഞ്ചേരി മീറ്റിംഗില്‍ പറഞ്ഞ കാര്യങ്ങള്‍ വാക്കുകളേയും ആശയങ്ങളേയുംകാള്‍ അവിടെയന്നുകൂടിയവരുടെ ഉണര്‍വിലും ആഗ്രഹത്തിലും പുതുകവിതയുടെ എന്നല്ല മലയാളകവിതയുടെ തന്നെ അറുകലുഷമായ സമകാലിക അവസ്ഥകൊണ്ടും കൂടി പ്രസരിപ്പിക്കപ്പെട്ട ഒരു സംവാദമായിരുന്നു. അത് ഇപ്പോളിങ്ങനെ പുനര്‍ ക്രമീകരിച്ചാലത്രമാത്രം ഈര്‍ജ്ജം അതിനുണ്ടാവുയെന്നറിയില്ല.
പോയിന്റുകള്‍ മാത്രം താഴെക്കൊടുക്കുന്നു.
ജയചന്ദ്രന്‍ എന്നെ അക്ഷരാര്‍ത്ഥത്തില്‍ വിചാരണ ചെയ്യുകയായിരുന്നു.
സി.എസ് ജയചന്ദ്രന്‍: പുതുകവിതയുടെ പരിസരങ്ങളേയും തത്വത്തേയുമൊക്കെപ്പറ്റി സാമൂഹ്യശാസ്ത്ര പരമായ വിശദീകരണങ്ങളുമായി നിരവധി ലേഖനങ്ങളൊക്കെ എഴുതപ്പെടുന്നുണ്ടെങ്കിലും കാവ്യശാസ്ത്രപരമായി പുതുകവിതയെ എങ്ങനെ വിശദീകരിക്കും.

എസ്.കണ്ണന്‍: പുതുകവിതയുടെ ലക്ഷണങ്ങളും പ്രത്യേകതകളും കാവ്യശാസ്ത്ര പരമായിത്തന്നെ ഉണ്ടാവണമെന്നില്ല. കാരണം പുതുകവിത പിറന്നത് സാഹിത്യപാരമ്പര്യത്തില്‍ നിന്നുമാത്രമല്ല. ഡപ്പാംകൂത്ത് സിനിമ കാണുകയും ഫ്രീക്ക് ഔട്ട് ജീവിതത്തെ നയിക്കുകയും, ബ്രേക്ക് ഡാന്‍സും, പോപ്പ് മ്യൂസിക്കുമൊക്കെ ആസ്വദിച്ച് നടക്കുകയും മിമിക്രി കാണുകയുമൊക്കെ ചെയ്യുന്നവരില്‍ നിന്നും കൂടയാണ് പുതുകവിത ഉണ്ടായിരിക്കുന്നത്. അതിനാല്‍ പരമ്പരാഗത വായനക്കാരെ ഒഴിവാക്കുന്നതിനോടൊപ്പം വായനയിലേക്ക് പാരമ്പര്യംകൊണ്ട് (മതപരമായതടക്കം) വായനയിലേക്ക് വരാന്‍ സാദ്ധ്യതയില്ലാതിരുന്ന കുറു ആള്‍ക്കാരെ വായനക്കാരും എഴുത്തുകാരുമാക്കുന്നു. വസ്തു, ചിത്രം, ദൃശ്യം എന്നിവയുടെ വിന്യാസത്തിന്റെ ഒരുഘടനയിലൂടെയാണ് പുതുകവിത അതിന്റെ സവിശേഷത പ്രകടിപ്പിക്കുന്നത് എന്നാണ് എനിക്ക് പറയാനുള്ളത്.

സി.എസ്: അപ്പോളീ വസ്തുവും ചിത്രവും ദൃശ്യവുമൊന്നും മുന്‍കാല കവിതയിലില്ലേ.

എസ്.: തീര്‍ച്ചയായും എന്നാല്‍ ഓരോകാലത്തെ കവിതയ്ക്കും അതിന്റെ താളം നിലനിര്‍ത്തുവാന്‍ സ്വീകരിച്ച ഘടകങ്ങളുണ്ട്. കുമാരനാശാന്റെ കവിതകളില്‍ പ്രൗഢപദങ്ങളുടെ വിന്യാസമാണ് അതിന്റെ താളമായി വരുന്നത്. അര്‍ത്ഥവും, വസ്തുവും ചിത്രവും ദൃശ്യവുമൊക്കെയുണ്ടെങ്കിലും അതിന്റെ പ്രകടമായ താളം പ്രൗഢപദങ്ങളുടെ ശബ്ദത്തിന്റേതാണ്. ആധുനികതയുടെതാണെങ്കില്‍ അര്‍ത്ഥത്തിന്റെ തലത്തിലാണ് ഈ താളം സ്ഥിതി ചെയ്യുന്നത്. അതിനാല്‍ പലപ്പോഴും ബാഹ്യമായി പുതുകവിതയുടേതു പോലെ തന്നെ താളമില്ലാത്തതാണ് അക്കാലത്തെ കവിതയെന്നു തോന്നി. പുതുകവിതയില്‍ വസ്തു, ചിത്രം, ദൃശ്യം എന്നിവയുടെ വിന്യാസത്തിലുള്ള താളമാണ് ദീക്ഷിക്കുന്നത്. തന്നെയുമല്ല മനുഷ്യര്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന എന്തെങ്കിലും പ്രത്യയശാസ്ത്രം നിലനില്‍ക്കുന്നില്ല. (കമ്യൂണിസത്തിന്റെ തകര്‍ച്ച) എന്നും പരസ്പര വിശ്വാസം പോലും അപടത്തിലാണ് എന്നും (ബാബറി മസ്ജിദ് തകര്‍ക്കല്‍) വന്നഘട്ടത്തില്‍ മനുഷ്യര്‍ നിര്‍മ്മിക്കുന്ന വസ്തുക്കളിലും അവര്‍ക്കാവശ്യമുള്ളവയിലും പരസ്പരമുള്ള കരുതലും മനുഷ്യപ്പറ്റും ചൂണ്ടിക്കാണിച്ചു കൊടുക്കാനുമാണ് പുതുകവിതശ്രമിക്കുന്നത്. തന്നെയുമല്ല പാരമ്പര്യസിദ്ധമായ ഭാഷയെ ഉപേക്ഷിക്കുക എന്നുള്ളതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. നിലവിലുള്ള അര്‍ത്ഥം അധികാരത്തിന്റേതാകുമ്പോള്‍ ഭാഷയുടെ അര്‍ത്ഥാധികാരത്തെ മറികടക്കാന്‍ പുതിയ വസ്തുക്കളും ചിത്രങ്ങളും ദൃശ്യങ്ങളും വിന്യസിച്ച് ഇതുവരെ ആവിഷ്‌കരിക്കപ്പെടാത്ത ഒരു ചലന പ്രവണത തന്നെ കണ്ടെത്തുന്നു. അതിലൂടെ ഒരു പുതിയ ഭാഷ എന്നുള്ളതാണ് സ്വപ്നം . ഇത് മനസ്സിലാക്കികൊണ്ട് ഭാഷയുടെ പൊക്കിള്‍ തണ്ട് കവിതയിലാണ് കുഴിച്ചിട്ടിരിക്കുന്നത് എന്നറിയവുന്ന പാരമ്പര്യവാദികള്‍ ഇതിനെ അവുടെ കമ്യൂണിസ്റ്റ് ചേരിയിലൊളിഞ്ഞിരിക്കുന്ന അനുചരന്‍മാരെയടക്കം കൊണ്ടുവന്ന് എതിര്‍ക്കുന്നത്.
സി.എസ്: അപ്പോള്‍ പാരമ്പര്യം കവിതയിലൊട്ടുമില്ലെന്നാണോ? പാരമ്പര്യത്തെ ഒട്ടുമേ സ്വീകരിക്കാതിരിന്നില്‍ വേരുകളില്ലാത്തവരായിപ്പോകുകയില്ലേ അത്തരം ധാരണകളുടെ പോസിറ്റീവ് അംശങ്ങളേ എന്തു ചെയ്യും.
എസ്.: പാരമ്പര്യത്തെ തന്നെ വീണ്ടെടുക്കാന്‍ ഞാന്‍ പറഞ്ഞ ഈ രീതിയാണ് നല്ലത് പാരമ്പര്യത്തിന്റെ സൈദ്ധാന്തികമായ നിലകളെ അതേപടി ഭാഷയിലാക്കി വയ്ക്കുകയാണ് പലപ്പോഴും ''ഒരു നിശ്ചയുമില്ല ഒന്നിനും.... വരുമോരോ ദശ വന്നപോലെ പോകും..... തിരിയാ ലോകരഹസ്യമാര്‍ക്കുമേ''. എന്നിങ്ങനെ പറയുമ്പോള്‍ വിധിവാദത്തിന്റെയും മായംവാദത്തിന്റെയുമൊക്കെ ആശയങ്ങളെ അതേപടിയെഴുതുകയാണ് സ്വന്തം ജീവിതം കൊണ്ട് സ്വന്തരക്തത്തില്‍ ഉയിര്‍ത്തെഴുന്നേറ്റതല്ല ആ ആശയമെന്ന് കാണാം. രവീന്ദ്രനാഥ ടാഗോറിനാല്‍ പ്രചോദിതനാക്കുകയും ഇന്‍ഡ്യയിലും ബര്‍മയിലുമൊക്കെ അംബാസിഡറായിരിക്കുകയുമൊക്കെ ചെയ്ത നെരൂദയുടെ സിംഹം എന്ന കവിതയില്‍ ഈ ആശയത്തെ എത്രമാത്രം തന്റേതാക്കി കവിതയാക്കിയിരിക്കുന്നെന്ന് നോക്കൂ (വരികളായി ഓര്‍ക്കുന്നില്ല) ചിലകാഴ്ചകള്‍ കൊടുക്കാം.
സിംഹം കടലില്‍ നിന്നാണ് വന്നത്.
അതിന്റെ അലര്‍ച്ച
.......................................
പതുക്കെ പതുക്കെ
അതിന് മനസ്സിലായി
കടല്‍നുരകളും .............
പക്ഷികളും മാത്രമാണ് അതിന്
തിന്നാനുള്ളതെന്ന്
..........................................
അതിന് അതിന്റെ
അറോഗന്റ്ആയ അപ്പിയറന്‍സില്‍
അതിന് ലജ്ജതോന്നി
പിന്നീട് അത് വീടുകളുടെ
പോര്‍ട്ടിക്കോകളില്‍ ഒരു
അലങ്കാരവസ്തുവായി

മൂന്‍കാലുകളില്‍ താടിയമര്‍ത്തി
അത് മഴയെനോക്കിക്കിടന്നു
അതിന്റെ ജിയോഗ്രഫിക്കല്‍ അവറിനെ കാത്തുകിടന്നു.

ഇങ്ങനെ ഈ കിഴക്കന്റെ ആശയത്തെ എത്രമാത്രം ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു എന്നു നോക്കുക. 'മെര്‍മ്മേയ്ഡ്' എന്ന കവിതയിലുമുണ്ടത്. പാരമ്പര്യത്തിന്റെ പ്രേതജീവിതം എന്ന വിനാശത്തിന് മറ്റൊരു പ്രധാനപ്പെട്ട കാര്യം ജാതിയാണ്. സാമൂഹ്യപരിഷ്‌കാരത്തിന്റെ ഭാഗമായിവരുന്ന പല കവികള്‍ക്കും കവിതയിലെ അധികാരികളായ സവര്‍ണരുടെ സമ്മതിവേണ്ടതുകൊണ്ട് ഇത്തരം വീട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരും. ഉദാ:കുമാരനാശാന്‍ സംസ്‌കൃതപദങ്ങളോട് കിടനില്‍ക്കുന്ന ശബ്ദ പ്രൗഡിയുള്ള പദങ്ങള്‍ ഉപയോഗിക്കേണ്ടിവന്നതും സ്വയം ഒരു ബുദ്ധസമുതാനുഭാവിയായിരിക്കേ ഉപനിഷത് ആശയങ്ങളെ സ്വന്തം കവിതയിലൂടനീളം തിരുകിക്കയറ്റുകയും ചെയ്തതു തന്നെയെടുക്കാം.
സി.എസ് ജയചന്ദ്രന്‍: വസ്തുവിന്റെയും ചരിത്രത്തിന്റെയും ദൃശ്യത്തിന്റെയും പ്രാമാണ്യം എങ്ങനെ തെളിയിക്കും.
എസ്.കണ്ണന്‍: പണ്ടൊക്കെ ഒരു കൊലക്കുറ്റം നടന്നാല്‍ പ്രശ്‌നം വെച്ചുനോക്കുകയോ മഷിയിട്ടു നോക്കുകയോ ആയിരുന്നു. ഒരേയൊരു മാര്‍ഗ്ഗം എന്നാലിന്നു കുറേക്കൂടെ കാവ്യാത്മകവും മറ്റ് അതിന്ദ്രിയതയെ ആശ്രയിക്കാത്തതുമായ ശാസ്ത്രീയരീതികളുണ്ട്. ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മാര്‍ട്ടം ചെയ്യുക, ഫോറന്‍സിക് തെളിവുകള്‍ ശേഖരിക്കുക, തൊണ്ടി സാധനങ്ങള്‍ കണ്ടെടുക്കുക പട്ടിയെക്കൊണ്ട് മണപ്പിക്കും എന്നിങ്ങനെ നിരവധി രീതികളിലുടെയാണ് കൊലപാതകത്തിന്റെ രഹസ്യത്തിലേക്ക് ചെല്ലുന്നത് അതുപോലെ സിദ്ധാന്തങ്ങളൊഴിഞ്ഞ ഈ കാലത്ത് ഒരു ജിവിത സന്ദര്‍ഭത്തിന്റെ രഹസ്യത്തിലേക്കെത്താന്‍ അതിന്റെ പ്രകടമായ ഘടകങ്ങളിലൂടെ അതിലേക്കുള്ള പ്രവേശമാരംഭിക്കുകയാണ് പുതുകവിത. ഞാനിപ്പോള്‍ ഒറ്റക്കവിതാ പഠനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. അതിലാദ്യമായി ചെയ്തത് വി.മുസഫര്‍ അഹമ്മദിന്റെ പൊതിക്കെട്ടുകള്‍ എന്ന കവിതയാണ്. അതില്‍ നാട്ടിലേക്കയച്ച ചിലസമ്മാനങ്ങള്‍ ദിശമാറി പാക്കിസ്ഥാനിലെത്തുന്നതും അത് തിരികെ ലഭിക്കുന്നതുമാണ് പ്രമേയം. വീട്ടിലെക്കയച്ചു സമ്മാനങ്ങളെ പിന്തുടര്‍ന്ന മൂസഫറിന്റെ കവിത ഇന്‍ഡ്യ പാക്കിസ്ഥാന്‍ വിഭജനത്തില്‍ ചെന്നു നില്‍ക്കുന്നു. ഇതൊരുദാഹരണമാണ്. പുതുപുതുകവിതയില്‍ ദൃശ്യത്തെ ബ്രേക്ക് ചെയ്യാനുള്ള ശ്രമങ്ങളും ഭാഷയിലേക്കു കയറാനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു. കുഴൂര്‍ വില്‍സന്റെ റോഡ് മുറിച്ചു കടക്കുന്ന കവിതയില്‍ ''അപ്പുറം ഒരു വേപ്പ് മരം നില്‍ക്കുന്നതു കാണാം അതില്‍ കയ്പ്പ് കാണുമായിരിക്കും'' എന്നു പറയുന്നുണ്ട്. ഇത് പ്രതീതിയുടെ വ്യാജത്തിനെ സൂചിപ്പിക്കുന്നതാണ് അത് കവിതയുടെ പോസിറ്റീവ് അയ ഒരുഘട്ടം പാരമ്പര്യത്തിനെ മറികടക്കേണ്ടതിന്റെ മറ്റൊരു കാര്യം ഞാന്‍ പറയാം ഇയിടെ പി.പി രാമചന്ദ്രന്റെ ഒരു കവിത കണ്ടു.
ആശുപത്രിയിലെ പ്രസവം കണ്ടുനില്‍ക്കുന്ന ഒരുമാവിന്റെ മാതൃത്വം പൂങ്കുലകള്‍ പൊട്ടിത്തുറന്ന് പ്രകടിപ്പിക്കുന്നതാണിതിലെ പ്രമേയം ഇതൊരു പാരമ്പര്യ വാദപരമായ ഒരു കാഴ്ചപ്പാടിനെ അതേപടിപിന്‍പറ്റുന്ന കവിതയാണ്. എന്നാല്‍ ഞാനിയിടെ ഒരു സിനിമ കാണുകയുണ്ടായി. അതില്‍ ഒരമ്മയ്ക്കു തനിക്കുണ്ടായ കുട്ടിയോടു കടുത്ത അവര്‍ഷന്‍ ഉണ്ടാകുന്നതാണ്. അവളുടെ അമ്മ, അമ്മയെന്ന നിലയ്ക്കുള്ള ചുമതലകളെപ്രതി അവളെ പഴിക്കുകയും. വെറുപ്പു പ്രകടിപ്പിക്കുകയും ഭര്‍ത്താവ് അവരെ സമ്മര്‍ദ്ദപ്പെടുത്തുകയും ചെയ്യുമ്പോള്‍ അവള്‍ ആ കുഞ്ഞിനെയുമായി അവിടെ നിന്ന് ഒളിച്ചോടി ഒരു ക്ലിനിക്കില്‍ അഭയം പ്രാപിക്കുകയും ആ കുഞ്ഞിനെയും അമ്മയേയും ആ ക്ലീനിക്ക് സംരക്ഷിക്കുകയും ചെയ്യുന്നതാണ് പ്രമേയം ജീവിതത്തിന്റെ സാമ്പ്രദായിക സങ്കല്‍പ്പങ്ങളെ പിന്തുടരുന്നതിനേക്കാള്‍ കുറച്ചുകൂടി മെച്ചമാണ് ജീവിതത്തിന്റെ വിടവുകളെ കവിതകൊണ്ട് ജീവനുറ്റതാക്കിയെടുക്കുക എന്നും ഞാന്‍ കരുതുന്നു. അതിനാല്‍ പാരമ്പര്യത്തെ പുതിയ ജീവിത സന്ദര്‍ഭങ്ങളിലൂടെ ജീവസുറ്റതാക്കിയെടുക്കുകയും അപാരമ്പര്യമായ ദൃശ്യങ്ങളെക്കൊണ്ട് കവിതയെ പുനര്‍നിര്‍മ്മിക്കുകയും ആവശ്യമാണ്.

Friday, December 3, 2010

പല കവികള്‍ ;പുതു കവിത :ചില നിരീക്ഷണങ്ങള്‍.
സാബുഷണ്‍മുഖം
പുതിയ കവിതയെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങള്‍ മാത്രമാണിവ.ഈ വിധമുള്ള നിരീക്ഷണങ്ങള്‍ക്ക് സ്വാഭാവികമായും വന്നു ചേരാവുന്ന പോരായ്മകളും പരിമിതികളും ഈ കുറിപ്പുകള്‍ക്കുണ്ട്.ഇവയെ വിമര്‍ശന വിധേയമാക്കുകയും വിചാരണ ചെയ്യുകയും ചെയ്ത വായനക്കാരും സുഹൃത്തുകളും എന്റെ നിരീക്ഷനങ്ങളിലെ Blank Space കളെ പുരിപ്പിക്കുകയാണ് ചെയ്തതെന്ന് ഞാന്‍ വിചാരിക്കുന്നു.സ്തുതികള്‍ ഒരു കാറ്റില്‍ പറന്നു പോകും .വിമര്‍ശനങ്ങളും വിചാരണകളും വിപരീതങ്ങളും കായകല്പ്പ ചികിത്സ പോലെ എന്റെ അഭിരുചികളെ പുതുക്കിയെടുക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് പറയട്ടെ .

ഈ കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ട കവിതകളില്‍ ഭൂരിപക്ഷവും രണ്ടായിരത്തിനു ശേഷം എഴുതപ്പെട്ടവയാണ്.രൂപ ഭാവങ്ങളില്‍ അവ വ്യത്യസ്തതകള്‍ പുലര്‍ത്തുമ്പോഴും ഇത്തരമൊരു സാധര്‍മ്യമാണ് ഈ കുറിപ്പുകള്‍ ക്രോഡീകരിക്കാന്‍ എന്നെ പ്രരിപ്പിച്ചത്.പുതിയ കവിതകള്‍ക്ക് മേല്‍ നിരൂപകന്‍ ചമയാനുള്ള ആഗ്രഹം ഇതിനു പിന്നിലില്ല.കവിതയെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരു കവിതാസ്നേഹിയുടെ ,വായനക്കാരന്റെ ആലോചനകള്‍ എന്ന നിലയിലാണ് ഈകുരിപ്പുകളെ നോക്കികാനേണ്ടത് .അത് മാത്രമാണ് ഇവയുടെ പ്രസക്തി.

ഹസ്സന്റെ കവിത

ഇരുത്തം വന്ന ലോകത്തിനു ബദലായി ഇടഞ്ഞും പിരിഞ്ഞും ഒടിഞ്ഞും കീറിപ്പറിഞുംകിടക്കുന്ന ലോകത്തിന്റെ ആഹ്ളാദങ്ങളാണ് ഹസ്സന്റെ കവിതകള്‍.സ്വയം ബഹ്ഷ്കൃതനാകുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ഒരാളുടെ തിരിച്ചറിവ് .'ആണെഴുത്തിന്റെ' പുതിയ കാഴ്ചകള്‍ അയാളുടെ കവിതകളിലുണ്ട്.കവിതയിലെ വ്യാജ ദുഖത്തിന്റെ വിമോഹനമായ ആഘോഷത്തില്‍ നിന്ന് ഹസ്സന്റെ ആണെഴുത്ത് മാറി നില്‍ക്കുന്നു.കാല്‍പനിക ദുഖങ്ങള്‍ക്ക്‌ ഒരേ നിറവും ഒരേ കൊടിയടയാളമാണുള്ളതെന്നുംആഹ്ളാദത്തിനു നിരവധി നിറങ്ങളുന്ടെന്നും കവിതകള്‍ രേഖപ്പെടുത്തുന്നു. ഇതു വെറും ആഹ്ളാദമല്ല.വിപണി രൂപീകരിക്കുന്ന ആഹ്ളാദവുമല്ല.ഒഴുക്കിനെതിരെ നീന്തുന്ന ഒരാളുടെ സംഘര്‍ഷഭരിതവും സാഹസികവുമായ ആഹ്ളാദമാണ് .ലോകത്തെ തിരസ്കരിക്കുകയല്ല ,ലോകത്തിനു മുന്നില്‍ നിന്ന് കരയുകയുമല്ല;ലോകത്തെ മലര്തിയടിക്കുന്നതായി സ്വപ്നം കാണുന്ന ഒരു മല്പ്പിടുത്തകാരന്റെ കള്ളചിരിയാണ്ഹസ്സന്റെ കവിതകളില്‍ പറ്റിപ്പിടിക്കുന്നത് .പെര്വേര്‍ഷനെന്നു നിര്‍വചിക്കപ്പെട്ടിട്ടുള്ളതെല്ലാം അയാളുടെ കവിതയില്‍ ലോകത്തെ വ്യാഖ്യാനിക്കുന്ന അടയാളങ്ങലായിത്തീരുന്നു .
ഏകാതനതയില്‍ നിന്ന് കുതറിമാറുന്ന കവിതകളാണ് ഹസ്സന്റെത്. ഏകതാനത എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് 'റിപ്പീടഷനെയോ' 'ഒരുപോലെ എഴുതുന്നതിനെയോ' അല്ല.അതൊരു ബ്ളോക്കാണ്.കവിതയെ മുന്നോട്ടു പോകാന്‍ അനുവദിക്കാത്തവിധം കവിതക്കുള്ളില്‍ രൂപപ്പെടുന്ന ബ്ളോക്ക് .പുറമേ വൈവിധ്യം സൃഷ്ടിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുമ്പോഴും ഈ ബ്ളോക്ക് കവിതയുടെ അടിത്തട്ടില്‍ ഉണ്ടാകും .90-കളില്‍ പ്രത്യക്ഷപ്പെട്ട കവികളില്‍ പലരും ഇത്തരമൊരു ബ്ളോക്കില്‍ പെട്ട ്മുടന്തിപ്പോകുന്നതായി അവരുടെ സമീപകാല രചനകള്‍ കാണിച്ചുതരുന്നു .അടുത്ത തലമുറയില്‍ പെട്ട ഹസ്സനെ പോലുള്ള കവികള്‍ അവരെ ഏറെ പിന്നിലാക്കികൊണ്ട് മുന്നോട്ടു പോകുക തന്നെയാണ്.



വി.മോഹനകൃഷ്ണന്റെ കവിത

ഒരുപാട് കാഴ്ചകള്‍ .ഒരുപാടുകാലങ്ങള്‍ .പടവുകള്‍ .പിരിവുകള്‍ .കാടും മഴയും പക്ഷിയും ഓര്‍മയും .ഇവയെല്ലാം കൂടിച്ചേര്‍ന്ന സഞ്ചാരപഥങ്ങളാണ് വി .മോഹനകൃഷ്ണന്റെ കവിതകള്‍ .'പഴയ ചെരുപ്പും പാട്ടകഷ്ണങ്ങളും'ചിലപ്പോള്‍ ചിതറി വീഴും .'സൂര്യന്‍ഒരാകാശത്താമര' നീട്ടും .വര്‍ഗീസ്സും കക്കയവും ടിയാന്‍ മെന്‍ സ്ക്വയറും പിടഞ്ഞെത്തും .ജാനുവും 'ഹിമഗിരിവിഹാരവും' സനില്‍ദാസും ഗുഹനും തിരനോട്ടം നടത്തും.

ഒരു മരത്തെ ദൃശ്യമാക്കുന്ന ,ഒരുമഴത്തുള്ളിയെ പിടിച്ചെടുക്കുന്ന ,ഓരോര്മ്മയെ മട്ടുംഓര്‍മ്മിക്കുന്ന ,പാര്ശ്വവല്‍കരണങ്ങളില്‍ നിന്നും ഒരുകാഴ്ച്ചയെ മാത്രം തിരഞ്ഞെടുക്കുന്ന ....ക്ളോസപ്പ് ഷോട്ടുകളല്ല മോഹനകൃഷ്ണന്റെ കവിതകള്‍ .'വയനാട്ടിലെ മഴ 'എന്ന അയാളുടെ കാവ്യ സമാഹാരത്തിലെങ്ങും ലോങ്ങ്‌ ഷോട്ടുകളാണ് .ആ ലോങ്ങ്‌ ഷോട്ടുകളില്‍ കാട് മുഴുവനും .പക്ഷിച്ചിറകുകള്‍ നിറയെ.ഒത്തിരി മഴകള്‍. എണ്ണമറ്റ പരാജിതര്‍ .
ചരിത്രം ചതിച്ചവര്‍.
'പല പല പക്ഷികള്‍
പലതരം ജന്മങ്ങളും
തൂവലുകള്‍ പൊഴിച്ച്
പറന്നു പോകുന്നു '

ഒരേയിടങ്ങളെ പലയാങ്ങിളില്‍ ഈകവിതകള്‍ കാണിച്ചു തരുന്നു.ഒരു കാലത്തെ പലകാലങ്ങളിലേക്ക് പരിഭാഷപ്പെടുത്തുന്നു .ഒരുയാത്രയെ പലയാത്രകളായിരൂപാന്തരപ്പെടുത്തുന്നു.
'സൂപര്‍ ഫാസ്റ്റ് ബസ്സുകളില്‍
സഞ്ചരിച്ചു തീരാത്ത ദൂരങ്ങള
്‍തീവണ്ടിയില്‍
കപ്പലില്‍ ജലോപരിയും
ആകാശവിതാനത്തില്‍ വിമാനത്തിലും
കൂട്ടിനാരുമില്ലാതെ കാട്ടിലും
കീഴോട്ടും മേലോട്ടും
സമാന്തരമായും സഞ്ചരിച്ചു .'

പുറമേ സൌമ്യമെന്നു തോന്നാവുന്ന ഈ കവിതകള്‍ക്കുള്ളില്‍ അശാന്തിയുടെയും സംഘര്‍ഷങ്ങളുടെയും ചെത്ത്തിയെടുക്കലുണ്ട്.സമകാലികതയുടെ പ്രതിഘടനകളിലേക്കുള്ള അന്വേഷനങ്ങളുണ്ട് .'കൊയ്തൊഴിഞ്ഞുള്ള നെല്‍പ്പാടങ്ങളില്‍ കൂടി പൂതങ്ങല്‍ക്കൊപ്പം നടന്നു പോകും ഒറ്റു കാരന്‍ 'എന്ന തിരിച്ചറിവുണ്ട് .Inner politics എന്ന് Gerardo Mosquera യും Internal cultural reality of poetry എന്ന് Cristian Paulഉംവിവക്ഷിക്കുന്ന മിന്നല്‍ തിളക്കങ്ങള്‍ 'വയനാട്ടിലെ മഴക്കിടയിലുണ്ട്.' ശ്രദ്ധിക്കപ്പെടേണ്ട ഒരുകവിയുടെ ശ്രദ്ധേയമായ ശ്രമങ്ങള്‍ കൊണ്ട് പ്രസക്തമായി തീര്‍ന്നിരിക്കുന്നു, ' വയനാട്ടിലെ മഴ.'

പ്രമോദ് കെ.എം -ന്റെ കവിത

• പ്രമോദ് കെ.എം.ന്റെ കവിതകളില്‍ ഭാഷാപരമായ കരണം മറിച്ചിലുകള്‍ ഉണ്ട് .സദാത്മകവും വക്രവുമായ ഈ കരണം മറിചിലുകളിലൂടെ മലയാളകവിതയില്‍ പൊതുവേ കാണാറുള്ള ബലം പിടുത്തങ്ങള്‍ക്ക് ബദലായി ആ കവിതകള്‍ മാറുന്നു .ഒട്ടും ഗൌരവമില്ലെന്നു തോനിപ്പിച്ചുകൊണ്ട്‌ കവിതയെക്കുറിച്ചുള്ള ചില പുതു ബോധങ്ങളെ പിടിതരാത്ത വിധം ഒളിപ്പിച്ചു വെക്കുന്ന കാവ്യരീതി അയാള്‍ പരീക്ഷിച്ചു നോക്കുന്നു .
• മിമിക്സ് പരേഡിലെ ഭാഷയുടെ വളവുതിരിവുകളും കോമഡി സ്കിറ്റിലെ ഭാഷയുടെ ചടുലതയും കവിതകളുടെ ഉള്ളിലേക്ക് വലിച്ചിട്ടുകൊണ്ട് പോപ്പുലര്‍ ആര്ടിന്റെയും പിവട്ടെട് ആശയങ്ങളുടെയും രസകരമായ കലര്‍പ്പ് പ്രമോദ് രൂപപ്പെടുത്തുന്നു. ഇത്കുഞ്ചന്‍ നമ്പിയാരുംഅയ്യപപനിക്കരും മുതല്‍ കെ. ആര്‍. ടോണിയും വരെയുള്ളവരുടെ പഴയ ഹാസ്യ പ്രയോഗ വഴിയല്ല .ഹാസ്യം അവരുടെ കവിതകളില്‍ വീക്ഷണമായി ,പ്രശ്നമായി ,പ്രശ്ന പരിഹാരമായി ,സാമൂഹിക വിഷയമായി പ്രത്യക്ഷപ്പെടുന്നു.എന്നാല്‍ പ്രമോദിന്റെ ഹാസ്യം ഹാസ്യേതരമാണ് .
• ശ്വേതശതരോപനിഷത്ത്തില്‍പറയുന്നതുപോലെ 'ആസ്മിന്‍ ഹംസോ ഭ്രാംയതേ ബ്രഹ്മ ചക്രേ 'എന്ന മട്ടിലുള്ള സമകാലികതയുടെ തിരിച്ചറിവില്‍ നിന്നുള്ള കാഴ്ചയാണിത് .ഈ തിരിച്ചറിവ് കവിതയില്‍ ഒരു കറക്കം സൃഷ്ടിക്കുന്നു. മിക്സിയുടെ കറക്കത്തില്‍ കറിച്ചേരുവകള്‍ പൊടിഞ്ഞലിഞ്ഞു മറ്റൊന്നായിത്തീരും പോലെ ,ഹാസ്യത്തെ അപനിര്‍മ്മിച്ചുകൊണ്ട്‌ കവിതകള്‍ ഹാസ്യേതരമായ ഒരു ഹാസ്യ രസം അഥവാ കറിക്കുട്ട് പാകപ്പെടുത്തുന്നു. തോട്ടുകൂട്ടാനും ഒഴിച്ചുകൂട്ടാനും പറ്റിയ കറിക്കൂട്ടുകള്‍ ,അല്ലെങ്ങില്‍ കവിതക്കൂട്ടുകള്‍ പുതിയകാലത്തിന്റെ ദഹന രസങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശ്രമിക്കുന്നു. കരേന്‍ ശഖ്നസരോവിന്റെ വീ ആര്‍ ഫരെം ജാസ്(Karen Shakhnazarov-We Are from Jazz) എന്ന സിനിമയിലെ് വിഷ്വലുകളെ ഹാസ്യെതരമായ് ഈ കവിതകള്‍ ഓര്‍മ്മിപ്പിക്കുന്നു .
• നമ്മുട്ടെ കാലത്ത് ഗൌരവമാണ് ഏറ്റവും വലിയ ഫലിതമെന്നും വൃത്തിയാണ് ഏറ്റവും വലിയ വൃത്ത്തിഹീനതയെന്നും ശ്ലീലമാണ് ഏറ്റവും വലിയ ്അശ്ലീലതയെന്നും്‍ ശുദ്ധകലയാണ്‌ ഏറ്റവും വലിയ അശുദ്ധിയെന്നും പ്രമോദിന്റെ കവിതകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു



എം. ബി.മനോജിന്റെ കവിത

• എഴുതപ്പെട്ട ചരിത്രത്തിലില്ലാത്ത എഴുതപ്പെടാത്ത ചരിത്രത്തെ രണ്ടു തരത്തില്‍ രേഖപ്പെടുത്താം ;പുതുമയുടെ വ്യാജ പ്രതീതി നിറഞ്ഞ ഭാഷയില്‍ .സൂക്ഷ്മവും അഗാധവുമായ ഭാഷയില്‍ .
• പുതുമയുടെ വ്യാജപ്രതീതി നിറഞ്ഞ ഭാഷയില്‍ എഴുതപ്പെടുന്നവയാണ് പലപ്പോഴും മലയാളത്തില്‍ 'ദളിത്‌' എന്നു വിവക്ഷിക്കപ്പെടുന്ന കവിതകള്‍. മുന്കൂട്ടിതീരുമാനിച്ചുരപ്പിച്ച ഒരാശയലോകത്തെയും ഭാഷയെയും കരുതികൂട്ടി കവിതയില്‍ കുത്തി നിറക്കാനുള്ള ശ്റമം ഇത്തരം കവിതകളെ അംപേ പരാജയപ്പെടുത്തി കളയുന്നു .ഇതിനു രണ്ടു ്‍ പരിണതികള്‍ ഉണ്ട്. 1'ദളിതത്വം' കവിതയില്‍ ആര്‍ഭാടം നിറഞ്ഞ ഭാരമാകുന്നു.2 'ദളിത്ത്വം' കവിതയില്‍ അങ്ങേയറ്റംപോളിഷ്ഡ് ആയി അവതരിക്കുന്നു.രണ്ടും ഒന്നിന്റെ തന്നെ രണ്ടു വശങ്ങളായി കാവ്യസമീപനങ്ങളില്‍ പ്രവര്‍ത്തിക്കുകയും ദളിതനുഭവത്ത്തിന്റെ മിത്യകളിലേക്ക് കവിതകള്‍ സഞ്ചരിക്കുകയും ചെയ്യുന്നു .യഥാര്‍ത്ഥത്തില്‍ 'ദളിതത്വം' എല്ലാ ആദര്ശാത്മകതയെയും തിരസ്കരിക്കുന്ന ലോകമാണ് മുന്നോട്ടു വെക്കുന്നത്.ആദര്‍ശാത്മകത കവിതയില്‍ യാഥാസ്ഥിതിക പ്രത്യയശാസ്ത്രം നിര്‍മ്മിക്കുന്നു . ആദര്ശാത്മകമല്ലാത്ത 'ദളിതവ്ത്തെ 'കവിതയെക്കുറിച്ചുള്ള ഉത്തരാധുനികമായ ആദര്‍ശാത്മക സങ്കല്പങ്ങളിലേക്ക് പിടിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ സംഭവിക്കുന്ന പ്രതിസന്ധി 'ദളിത്‌' എന്നു പേരിട്ടു വിളിക്കുന്ന കവിതകളിലുണ്ട് .ഉത്തരാധുനിക കാവ്യ സങ്കല്പങ്കല്‍ തന്നെ ഇതിനോടകം ഉപയോഗിച്ചുപയോഗിച്ച് യാഥാസ്ഥിതികമായി മാറിക്കഴിഞ്ഞിട്ടുണ്ട് .ഈ പുതു യാഥാസ്ഥിതികതയുടെ രൂപം കൊള്ളലിനെതിരായി ഏതുതരം പ്രതിരോധമാണ് ,ഒളിപ്പോരാണ് കവിതയില്‍ നടത്തേണ്ടതെന്ന് 'ദളിത്‌' അനുഭവത്തെ എഴുതുന്നവര്‍ കണ്ടെത്തേണ്ട തീക്ഷ്ണ യാധര്ത്യമാണെന്ന് ഞാന്‍ വിചാരിക്കുന്നു .്
• മാര്‍ജിനലൈസ്ഡ് ആയ ഒരു ലോകത്തെ മാര്‍ജിനലൈസ്ഡ് ആയ ഒരു ഭാഷയില്‍ എഴുതുക എന്ന തികച്ചും ലളിതമായ സമവാക്യം 'ദളിത്‌ 'കവിതയില്‍ അറിഞ്ഞോ അറിയാതെയോ പ്രവര്‍ത്തിക്കുന്നുണ്ട് .ഇതിന്റെ തിക്തബ്ഭലം ,ദളിത്‌ കവികള്‍ എന്ന രീതിയില്‍ വായിക്കപ്പെടുന്ന്നവരുടെ കവിതകള്‍ ഒറ്റക്കെടുത്തു വായിക്കുമ്പോള്‍ പുതുമ അനുഭവപ്പെടാമെങ്ങിലും സമാഹാരമായി വായിക്കുമ്പോള്‍ മടുപ്പിക്കും വിധമുള്ള എകതാനതയിലേക്കും കേവലതയിലേക്കും പരിമിതപ്പെടുന്നു എന്നുള്ളതാണ് .'ദളിതത്വവും ' സമകാലിക ലോകകവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഉല്പന്നമാണ് സൂക്ഷ്മ ദളിത്‌ രാഷ്ട്രീയം .മുഖ്യധാരാ രാഷ്ട്രീയത്തോട് ഏറ്റുമുട്ടുകയോ ,മുഖ്യധാരാരാഷ്ട്രീയത്താല്‍ ചവിട്ടിയരക്കപ്പെടുകയോ ചെയ്യുമ്പോഴുള്ള വടുക്കളും മുറിവുകളും അടിമുടി നിറഞ്ഞ ഈ സൂക്ഷ്മ രാഷ്ട്രീയത്തിന്റെ ശരീരഭാഷയില്‍ അദൃശ്യവും സവിശേഷവുമായ ഒരു സംസ്കാരത്തിന്റെ മണ്ണടരുകളുണ്ട് .ഇത്തരമൊരു ശരീരഭാഷയെ കവിതയില്‍ ഒളിച്ചു കടത്താനുള്ള പ്രാപ്തിയില്ലായ്മയോ ,അതിനെ കാവ്യാനുഭാവത്ത്തിലേക്ക് പരിവര്ത്തിപ്പിക്കാനുള്ള ജാഗ്രതയില്ലായ്മയോ കവിതകളെ സ്ഥിരം പാട്ടേണിലേക്കു രക്ഷപെടാന്‍ പ്രേരിപ്പിക്കുന്നു .സാദ്ധ്യതകള്‍ ഏറെയുള്ള ഒരു പുതിയ അവബോധത്തിന്റെ സംസ്കാരികതയെ എളുപ്പ വഴികളിലൂടെ കവിതയില്‍ വികസിപ്പിക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവില്‍ നിന്നു കൊണ്ടുള്ളഅന്വേഷണങ്ങളാണ് ആസന്നമായി നടകേണ്ടത് .കഴിഞ്ഞ രണ്ടു ദശകങ്ങല്കിടയില്‍ കേരളീയ ജനാധിപത്യ സംവിധാനത്തില്‍ ആദിവാസികളും ദളിതരും ന്യൂനപക്ഷങ്ങളും (ലൈംഗിക ന്യൂനപക്ഷങ്ങളടക്കം )നടത്തിയ ശക്തമായ ഇടപെടലുകള്‍ക്ക് സമാന്തരമായ ഭാഷാന്തരീകരണമോ കൊത്തിയെടുകകലോ കൊളുത്തിവലികകലോ മലയാള സാഹിത്യത്തില്‍ സംഭവിക്കാതെ പോയിട്ടുണ്ടോ എന്ന ചോദ്യം കൂടുതല്‍ കൂടുതല്‍ പരിശോധിക്കപ്പെടെണ്ട ഒന്നാണ് .
• മേല്‍ സൂചിപ്പിച്ച പ്രശ്ന പരിസരത്തിന്റെ കുഴമറിചിലുകളെ തിരിച്ചറിയാന്‍ ശ്രമിക്കുന്നു എന്നതാണ് എം.ബി .മനോജിന്റെ കവിതകളെ പ്രസക്തമാക്കി ത്തീര്‍ക്കുന്നത് .ചിലപ്പോള്‍ പരാജയപ്പെട്ടും മറ്റു ചിലപ്പോള്‍ മുന്നോട്ടാഞ്ഞും സൂക്ഷ്മവും അഗാധവുമായ തിരസ്കൃത ഭാഷ കണ്ടെത്താനുള്ള അന്വേഷണമാണ്‌ അയാളുടെ കവിതയെ വ്യത്യസ്തമാക്കുന്നത് .തൊണ്ണൂറുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ കവികളില്‍ മാദ്ധ്യമ ശ്രദ്ധ ലഭിച്ച പലരും എഴുതുന്ന വൃത്തിയുള്ള ,കൃത്യമായ കവിതകളല്ല അയാളുടേത് .കളയോടൊപ്പം ഇടഞ്ഞു വളരുന്ന നെല്‍ച്ചെടി പോലെ ,കരിയുയുറുംപുകള്‍ നിറഞ്ഞു പതയുന്ന അന്തിക്കള്ളുപോലെ ,സംഗീത ശാസ്ത്ര നിയമങ്ങള്‍ കാറ്റില്‍ പറത്തി കൊണ്ടുയരുന്ന ഇടര്‍ച്ചയും വെള്ളിയും വീഴുന്ന നാട്ടുപാട്ടിന്റെ ഊറ്റം പോലെ അയാളുടെ കവിതകള്‍ ഉത്തരാധുനികമായ ഇസ്തിരിവടിവുകളില്‍(epistemological certainity of post modernism-Wulfang Iser)നിന്ന് തല തിരിഞ്ഞു നില്‍ക്കുന്നു.
• വി .സി . ഹാരീസ് അലസമായി നിരീക്ഷിച്ചതു പോ ലെ യാഥാര്‍ത്യത്തെ എഴുതുംപോഴുള്ള സന്നിഗ്ദ്ധതകളല്ല മനോജിന്റെ കവിതകളില്‍ ദൃശ്യപ്പെടുന്ന്നത് .ഇന്നത്തെ സാഹചര്യത്തില്‍ ഏതു ദളിത്തെഴുത്തിനെക്കുറിച്ചും പറയാവുന്ന ആഴമില്ലാത്ത നിരീക്ഷണം മാത്രമാണത് .സത്യത്തില്‍ ,ഒരു യാഥാര്ധ്യത്തെ യാഥാര്‍ത്യമായി അവതരിപ്പിക്കുമ്പോള്‍ ഒരു രാഷ്ട്രീയ യാഥാര്‍ത്ഥ്യം രൂപം കൊള്ളുമെന്ന ആശയത്തിന്റെ കാവ്യ നിര്മിതികളാണ് മനോജിന്റെ കവിതകള്‍.'ദളിതത്വം'അയാളുടെ കവിതകളില്‍ ഐഡന്റിറ്റിയല്ല . ഐഡന്റിറ്റി ക്രൈസിസുമല്ല .ദളിതത്വതിന്റെ സമകാലികതയെ വ്യാഖ്യാനിക്കാന്‍ ചരിത്രത്തെ കൂട്ടുപിടിച്ചുകൊണ്ട് നടത്തുന്ന വിരുദ്ധ യാത്രയുടെ മുഴകങ്ങള്‍ ആ കവിതകളില്‍ പടര്ന്നുകൊണ്ടിരിക്കുന്നു .

ഡോ.എല്‍ .തോമസ്കുട്ടിയുടെ കവിത

'HOW MANY ROADS MUST A MAN WALK DOWN
BEFORE YOU CALL HIM A MAN?
THE ANSWER,MY FRIEND,IS BLOWN IN THE WIND'
-BOB DYLAN

• കവിയും കോഴിക്കോട്സര്‍വകലാശാലയിലെ സീനിയര്‍ ലെക്ച്ച ററുമായ ഡോ.എല്‍ .തോമസ്കുട്ടി ഈയിടെ ദാരുണമായ ഒരു ട്രെയിന്‍ അപകടത്തില്‍ പെടുകയുണ്ടായി. മരണം എന്റെയീസുഹൃത്തിനെ നിഷ്കരുണം ഒന്നാലിങ്ങനം ചെയ്തു വിട്ടയക്കുകയായിരുന്നു എന്ന് പറയാം .അപകടം നടന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളിലൊന്നില്‍ തിരുവനന്തപുരം കോസ്മോപോളിട്ടന്‍ ഹോസ്പിറ്റലില്‍ തോമസിനെക്കണ്ട് തിരിച്ചിറങ്ങുമ്പോള്‍ ഏതൊക്കെയോ പിടികിട്ടായ്മകളും പിടച്ച്ചിലുകളും മനസ്സില്‍ നീറിനിറഞ്ഞിരുന്നു .ഇപ്പോള്‍ ,ചികിത്സയുടെ നീണ്ട ദിവസങ്ങള്‍ പിന്നിട്ട് കവിതയിലേക്കും ജീവിതത്തിലേക്കുംഅയാള്‍ തിരിച്ചുവന്നതില്‍്‍ മറ്റുസുഹൃത്തുക്കളോടൊപ്പം ഞാനും ആഹ്ളാദിക്കുന്നു.
• 'വാല്‍ 'എന്ന കവിതയുടെ അടിത്തട്ടില്‍ മേല്‍ സൂചിപ്പിച്ച അനുഭവത്തിന്റെഅനു രണനന്ഗളുണ്ട്.ജനയുഗം ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ കവിതചെറുതെങ്ങിലും ശ്രേദ്ധേയമാണ്.വെട്ടിത്തിളങ്ങുന്ന സമകാലികലോകക്കടല്‍ പരാജയപ്പെടുന്ന്നവരുടെ ,ദുര്‍ബലരുടെ ,അസമര്‍ഥരുടെ ,അസംഘടിതരുടെ ഇടങ്ങള്‍ പാടേതുടച്ചു മാറ്റുന്നു എന്ന ആശയം കവിതയിലുണ്ട് .അനാഥവും അങ്ങഭംഗം വന്നതുമായഒരു ലോകത്തെ ഒറ്റപ്പെടുത്തിക്കൊണ്ട് മറ്റൊരു അതീത യാഥാര്ത്യം നിരന്ദരം വേഷം മാറിക്കൊണ്ടിരിക്കുന്നു എന്ന പങ്കുവെക്കലുണ്ട് .വാല്‍ നഷ്ട്ടപ്പെടുക എന്നതിനര്‍ത്ഥം വിജയികളുടെ പറുദീസയില്‍ നിന്ന് പുറത്താക്കപ്പെടുക എന്നു കൂടിയാന്ന്.ഒരു പറുദീസാ നഷ്ട്ടത്ത്തിന്റെ വലിയക ഥയുണ്ട് ഈ ചെറിയ കവിതയില്‍ .എന്നാല്‍ ,വലിയ വിജയങ്ങളെക്കാള്‍ ചില പരാജയപ്പെടുന്ന അന്വേഷണങ്ങള്‍ക്ക് അതിരുകള്ളില്ലാത്ത്ത മൂല്യമുണ്ടെന്നുകൂടി കവിത ഓര്‍മിപ്പിക്കുന്നു.അതാണ് ഈകവിതയുടെ സമകാലിക പ്രസക്തി.

ശ്രദ്ധേയമായ കവിത; ശ്രദ്ധിക്കേണ്ട കവിത
• ഒരു യാത്രക്കിടയില ്‍മൊബൈല്‍ ഫോണിലൂടെയാന്ന ്സി .എസ്.ജയചന്ദ്രന്റെ പുതിയകവിത 'ആസാമിപണിക്കാര്‍ ' ഞാന്‍ കേട്ടത്.ഈ കവിത എഴുതി മുഴുമിപ്പിക്കും മുന്പ് ഇതിന്റെ ആദ്യത്തെ കുറച്ചുവരികള്‍ ജയചന്ദ്രന്‍ ഫോണിലൂടെ തന്നെ വായിച്ചു കേള്‍പ്പിച്ചിരുന്നു. ശ്രദ്ധേയമായ ,ശ്രധികേണ്ട ഒരു കവിതയുടെ പിറവി അന്നേ തിരിച്ചറിഞ്ഞിരുന്നു . ഇപ്പോള്‍ പൂര്‍ണമായി കവിത കേട്ട് കഴിഞ്ഞപ്പോള ്‍ആ തിരിച്ചറിവിന ്കട്ടിയുള്ള ഒരടിവരയിടാന്‍ ഞാന്‍ മടിക്കുന്നില്ല.മലയാളത്തില്‍ ഈയിടെ കേട്ടതും വായിച്ചതുമായ കവിതകളില്‍ നിന്ന് വളരെ വ്യത്യസ്തമായ കവിതയാണ് 'ആസാമിപണിക്കാര്‍' എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. സാമാന്യം ദീര്ഘമായ കവിതയാണിത്. മലയാളത്തിന്റെ ചെത്തവും ചൂരുമുള്ളകവിത.ഏററവും സമകാലികമായ കവിത.
വൈലോപ്പിള്ളിയുടെ' ആസ്സാംപണിക്കാര്‍ ' ഈ കവിതയുടെ പശ്ചാത്തലത്തിലുണ്ട് .എന്നാല്‍ ഇതു പാരഡിയല്ല. പാസ്ടിഷുമല്ല .വൈലോപ്പിള്ളിയില്‍നിന്നുള്ള വിച്ചേദനമാന്നു . അത്തരമൊരു വിച്ചേദനത്തിലൂടെയാന്നു ജയചന്ദ്രന്‍ വൈലോപ്പിള്ളിയെ വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നത്.സുദ്‌റിഡമായ ഒരുതാളവ്യവസ്ഥ ഈ കവിതക്കുണ്ട് .മലയാളത്തിന്റെ കാവ്യപാരമ്പര്യത്തെ നിഷേധിക്കുകയല്ല , തലതിരിച്ച്ചിടുകയാന്നെന്നു തോന്നിപ്പിക്കുന്ന രചനയാണിത്.അങ്ങനെ തലതിരിച്ച്ചിടുമ്പോള്‍ ഉണ്ടാകുന്ന വാക്കുകളുടെ ആവേഗം ഇതിലുണ്ട്.വാമൊഴിക്കും വരമൊഴിക്കും ഇടയിലുള്ള ഒരു പ്രത്യേക പാട്ടേനിലാണ് കവിത നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് . കവിതയില്‍ സമകാലിക കേരളത്തെ സൂക്ഷ്മമായി ഡിസൈന്‍ ചെയ്തുകൊണ്ട് ആത്യെന്തികമായി മനുഷ്യനേയും പ്രകൃതിയേയും മണ്ണിനേയും പുതുലോകക്രമത്തിന്റെ വാസ്തവികതയേയും അതീതയാഥാര്ത്യത്ത്തെയും വിരുദ്ധഭാഷയിലൂടെ മനസ്സിലാക്കാനാണ് ജയചന്ദ്രന ്‍ശ്രമിക്കുന്നത് .
തൊന്നുറുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ കവികളുടെ നിരയില്‍ വ്യത്യസ്തമായ കാവ്യസമീപനം വെച്ച്പുലര്‍ത്തുന്ന കവിയാണ്‌ ജയചന്ദ്രന്‍.പുതിയ കാവ്യാപരിസരത്തെ അഭിസംഭോദന ചെയ്യുംപ്പോഴും തന്റെ തലമുറയില്‍ പെട്ട മറ്റു കവികളില്‍നിന്നും തികച്ചും വേറിട്ട എഴുത്ത് രീതിയാണ് അയാളുടേത്. അത ്തന്നെയാണ് ജയചന്ദ്രന്റെ കവിതയെ ശ്രദ്ധിക്കാന്‍ പ്രേരിപ്പിക്കുന്ന , പ്രേരിപ്പിക്കേണ്ട പ്രധാനഘടകം എന്ന് ഞാന്‍ വിചാരിക്കുന്നു. 'ആസാമിപണിക്കാര്‍ ' ആ വിചാരത്തെ ഒരിക്കല്‍ കൂടി സാധൂകരിക്കുന്നു .


ശ്യാം ചുനക്കരയുടെ കവിതകള്‍
ശ്യാം ചുനകരയുടെ കവിതകളില്‍ അങ്ങിങ്ങ് കത്തിക്കരിഞ്ഞ കാല്പനികതയുടെയും പ്രണയത്തിന്റെയും ഭൂപടങ്ങള്‍ കാണാന്‍ കഴിയും .എന്നാല്‍ ഒരേ സമയം കാല്പനികമായിരിക്കുകയും കാല്പനികമീമാംസകളോട് നിസ്സങ്ങമായിരിക്കുകയും ചെയ്യുന്നു ശ്യാമിന്റെ കവിതകള്‍ .തോന്നുന്നത് തോന്നുംപടി എഴുതുക എന്നുള്ളതാണ് കാല്പനികത എന്നും ഈ കവിതകള്‍ വായിക്കുമ്പോള്‍ തോന്നാം .ആണ്‍ പ്രതികരനങ്ങളല്ല,മറിച്ച്, ആണിന്റെ ജീവിതത്തെ എഴുതാനുള്ള ശ്രമമാണ് ഈ കവിതകള്‍.ഇങ്ങനെയൊക്കെ കവിതയെഴുതാം എന്നതിനിടയില്‍ ഇങ്ങനെയല്ലാതെയും കവിതയെഴുതാം എന്ന നില ഈ കവിതകളില്‍ ഒളി ഞും തെളിഞ്ഞുമുണ്ട് .പുത്യ കവികകള്‍ കവിത എഴുതുമ്പോള്‍ ദാഗ്ലാസ് കരിമ്പ് ഫോടോഗ്രഫിയെ കുറിച്ച് പറഞ്ഞത് പ്രസക്തമായി വരുന്നു:Their images are purloined,confiscated,appropriated,stolen.In their work,the original cannot be located,is alwayas deferred;even the self which might have generated an original is shown to be itself a copy(Douglas Crimp,'The Photographic Activity of Postmodernism').
നല്ലകവിത ,ചീത്തക്കവിത എന്ന പഴയ കമ്പാര്ടുമെന്ടല്‍ കാഴ്ചപാടിന് പകരം മാറിമാറി വരുന്നസന്ദര്‍ഭങ്ങളെ കവിതയില്‍ എങ്ങനെ അടയാളപ്പെടുത്താം എന്ന അന്വേഷണമാണ് ശ്യാം നടത്തുന്നത് .തീര്‍ച്ചയായും കവിതയുടെ ഭാവിയിലേക്ക് pokunna ഒന്നാണിത് .

സാവിത്രി രാജീവന്‍ ,ഡോണ മയൂര

മലയാളത്തിലെ പെണ്കവിതയില്‍ മുഖ്യമായും രണ്ടു ധാരകളുണ്ട് .ഒന്ന്:
പരമ്പരാഗതമായ സമീപനങ്ങള്‍ വെച്ചുപുലര്തുന്നവ .രണ്ട്‌:പരീക്ഷനാത്മകമായ സമീപനം സ്വീകരിക്കുന്നവ . വിജയലെക്ഷ്മിയുടെയും മറ്റും കവിതകള്‍ ആദ്യവിഭാഗത്തില്‍ പെടുന്ന്നവയാണ് .അത്തരത്തില്‍ ധാരാളം പേര്‍ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നു.സമകാലികമായ ആശയങ്ങള്‍ കൈകാര്യം ചെയുംപോഴും അവ പൊതുവില്‍ സ്വീകരിക്കുന്ന ഫോര്‍മാറ്റ് പരമ്പരാഗതമായ ഒന്നാണ് .രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്നവര്‍ ആശയങ്ങളുടെയും അവതരനങ്ങളുടെയും തലത്തില്‍ പരീക്ഷനങ്ങല്കും പുതുമകകും വേണ്ടി നിരന്തരം ശ്രമിച്ച്ചുകൊണ്ടിരിക്കുന്നു .ആദ്യത്തെ കൂട്ടര്‍ക്കാന് പൊതുവായ സ്വീകാര്യതയും സമ്മതിയും പെട്ടെന്ന് ലഭിക്കുന്നത് . അതുകൊണ്ടുതന്നെ അറിഞ്ഞോ അറിയാതെയോ രണ്ടാമത്തെ കൂട്ടരുടെ കവിതകള്‍ ആ വിധമുള്ള സ്വീകാര്യതക്കെതിരായ ഒരു യുദ്ധ പ്രഖ്യാപനം കൂടിയാണ്. .ഇല്ലാത്ത ഇടങ്ങളെ പിടിച്ചെടുക്കുന്ന പ്റക്റിയ ആണത് . ആദ്യ വിഭാഗത്തെ മറക്കാതെ ,മറയ്ക്കാതെ ഒരു കാര്യം ഉറപ്പിച്ചു പറയാം . മലയാളത്തിലെ പെണ്കവിതയെ മുന്നോട്ടു നയിക്കുന്നത് രണ്ടാമത്തെ കൂട്ടരാണ്. അല്ലെന്ന്കില്‍ അങ്ങനെ വിശ്വസിക്കാനാണ് ഒരു സാഹിത്യ വിദ്യാര്തിയെന്ന നിലയില്‍ എനിക്ക് ഇഷ്ടം .

രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്ന പെണ്‍ കവികളാണ് സാവിത്റി രാജീവനും ഡോണ മയൂരയും .സാവിത്റിയുടെ കവിതകളില്‍ അകത്തേക്കും പുറത്തേക്കും ഉള്ള സന്ചാരങ്ങളുണ്ട് .അകത്തേക്കുള്ള യാത്റ സ്വകാര്യമായ ഉന്മാദങ്ങളില്‍ നിന്ന് സൂക്ഷ്മവും സുതാര്യവുമായ കവിത നിര്‍മിക്കുന്നു . പുറത്തേക്കുള്ള യാത്റയില്‍ സംഘര്‍ഷങ്ങളെ വ്യാഖ്യാനിച്ചു കൊണ്ട് മറ്റൊരു തരം കവിത എഴുതുന്നു . സാവിത്രിയുടെ കവിതകളെ 'ചരിവ്' മുതല്‍ ശ്രദ്ധിച്ചു നോക്കിയാല്‍ കാണുന്ന ഒരു പ്രത്യേകത, മാധവിക്കുട്ടി അടക്കമുള്ള പെണ്‍ കവികളില്‍ പലപ്പോഴും കാണാറുള്ള ആണ്‍ കോയ്മ നിറഞ്ഞ ലോകത്തോടുള്ള വെല്ലുവിളികലോ കോപപ്രകടനങ്ങലോ പരാതി പറച്ചിലോ കാണുന്നില്ല എന്നുള്ളതാണ് .മറിച്ചു , ആ കവിതകള്‍ പുരുഷനോടുള്ള ഒരു സംഭാഷണത്തിന് നിരന്തരം നടത്തുന്ന ശ്രമങ്ങലായിട്ടാണ് എഴുതപ്പെടുന്നത്‌ .മലയാളത്തില്‍ ഇതൊരു അപൂര്‍വതയാണ് . എന്നാല്‍ ഈ അപൂര്വതയെ കൂടുതല്‍ സാദ്യതകളിലേക്കും പരീക്ഷണങ്ങളിലെക്കും കൊണ്ട് പോകാന്‍ പുതിയ കവിതകളില്‍ സാവിത്രിക്കു കഴിയുന്നില്ല എന്നത് ആലോചിക്കേണ്ട വിഷയമാണ് .
ഡോണ മയൂരയുടെ കവിത ഹൈബ്രിഡ് കവിതയുടെ സാദ്യതകളിലെക്കുള്ള അന്വേഷണം നടത്തുന്നു .ലോകത്തെ അടഞ്ഞ വ്യവസ്ഥയായി കാണുന്ന പെണ്‍ കവിതാ വ്യാഖ്യാനങ്ങളില്‍ നിന്ന് ഡോണയുടെ കവിത അകലം പാലിക്കുന്നു .തുറന്ന്ന
ലോകത്തില്‍ പെണ്‍ കവിതയുടെ സ്വഭാവികതയെ അഭിസംബോധന ചെയ്യും വിധത്തിലാണ് ഡോണ എഴുതുന്നത്‌ .പെണ്‍ കവിതയുടെ ചരിത്രത്തെ കുടഞ്ഞു കളയുന്ന ഒരു പ്രവര്തനമാനത്‌ . പെണ്കവിതയില്‍ നാം സാധാരണ പ്രതീക്ഷിക്കാറുള്ള വിഷയങ്ങളല്ല , പകരം,പലതരം മനോഭാവങ്ങളുടെ ഒരു കോലാഷിലൂടെ പെണ്‍മയെ ആവിഷ്കരിക്കാനുള്ള ശ്രമങ്ങലാന്നു ഡോണ നടത്തുന്നത്. സിധാന്ദഗളില്‍ നിന്നും
സിധാന്ദവല്കരണത്തില്‍ നിന്നും സ്വയം സിധാന്‍ദമാകുന്നതില്‍ നിന്നും കവിത മാറി നില്‍ക്കുന്നു .



കരുണാകരന്റെ കവിതകള്‍

'നിന്‍ നിദ്രതന്‍ചെരുവില്‍ ഞാന്‍
ഒരു നിലീന്ദ്ര സ്വപ്നത്തിന്‍
സര്ഗോന്മാദം മാത്രം .'
ആര്‍ .രാമചന്ദ്രന്‍ .

കരുണാകരന്റെ കവിതകള്‍
കാഴ്ചയുടെയും നിരീക്ഷണങ്ങളുടെയും
പ്രകൃതിസാന്നിദ്യങ്ങളുടെയും വിചിത്രമായ
ലോകം നിര്‍മിക്കുന്നു .

പതുകെപ്പരയുന്നതിലുടെ പുതുമകളിലെത്താം
എന്ന ആശയം അടിതട്ടിലുണ്ട് .

വിശദീകരികാനാവാത്ത ചില സുക്ഷ്മാനുഭവങ്ങളെ
ലളിതമായ വാക്കുകള്‍ കൊണ്ട് തോടുന്നുണ്ട് .

അറിഞ്ഞ ലോകത്തെ എഴുതുകയല്ല , അറിഞ്ഞ ലോകവുമായി
സംഭാഷണം നടത്തുകയാണ് .ആ സംഭാഷണത്തില്‍ ഒളിപ്പിച്ചുവെച്ച
കറുത്ത ചിരിയുണ്ട് .പ്രണയം പോലെ എന്തോ ഉണ്ട് .പരിസ്ഥിതിയെകുരിച്ചുള്ള
ആഴക്കാഴ്ച്ചകളുണ്ട് .

സ്വാഭാവികതയിലെക് കവിതയെ അഴിച്ചു വിടുന്നുണ്ട് .അങ്ങനെ രൂപമാത്രുകകളെ
മറികടക്കുന്നുണ്ട്.

ഓസിപ് മാന്റെല്സ്റ്റെം എഴുതിയപോലെ
Forgive me for what I'm telling you ;Quietly,quietly read it back to me
എന്ന മട്ടോളം ആര്ദ്രമാകുന്നുണ്ട് .

കവിതയെകുറിച്ചുള്ള എല്ലാ കല്പനകളും
നിയമങ്ങളും തീരുമാനങ്ങളും മാറ്റിവെച്ചുകൊണ്ട്
കരുണാകരന്‍ കവിതയുടെ ദ്വീപുകള്‍ നിര്‍മ്മിക്കുന്നു .
അവക്കുച്ചുറ്റും കടലും കാലവുമില്ല.
സംഭാഷങ്ങള്‍ക്ക് കാതോര്‍ക്കുന്ന നിശബ്ദത മാത്രം .


കുഴൂര്‍ വില്സന്റെ കവിത

When someone disagrees with me
then I feel that I was right.'-Nicholas Hezard
പി.പി.രാമചന്ദ്രന്‍ ,ടി.പി.രാജീവന്‍ ,എസ്.ജോസെഫ് ,പി .എന്‍ .ഗോപികൃഷ്ണന്‍ ,കെ.ആര്‍ .ടോണി തുടങ്ങിയ കവികള്‍ 90-കളില്‍ പ്രതീക്ഷ നല്‍കിയവരാണ്.അവര്‍ക്കെഴുതാവുന്ന ശ്രേദ്ധേയമായ കവിതകള്‍ അവര്‍ എഴുതിയിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല.പക്ഷേ ,ഇപ്പോള്‍ അവര്‍ എഴുതിക്കൊണ്ടിരിക്കുന്ന കവിതകള്‍ 'ദുര്‍ബലവും 'ഏകതാനവും ''മോശ'വുമാണ് .ഇങ്ങനെ അവര്‍ എഴുതിയിലെങ്ങിലും മലയാളകവിതക്ക് ഒന്നും സംഭവിക്കുകയില്ലെന്ന് ഉറക്കെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.മാത്രമല്ല ,രണ്ടു പതിറ്റാണ്ടായി എഴുതിക്കൊണ്ടിരിക്കുന്ന അവരുടെ കവിതകള്‍ വിമര്‍ശന വിധേയമാക്കേണ്ട കാലം അതിക്റമിചിരിക്കുന്നു. തൊണ്ണൂറുകളുടെ ആരാധകര്‍ അതിഷ്ട്ടപ്പെടുകയില്ലെന്നു എനികറിയാം.അതൊന്നും സാരമുള്ള സംഗതികളായി ഞാന്‍ കരുതുന്നില്ല.
യെഥാര്തത്തില്‍ മലയാള കവിതയെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ ഇപ്പോള്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നത് അവര്‍ക്ക് തൊട്ടു പിന്നാലെ വരുന്ന കവികളാണ്.എന്നാല്‍ ഇത് ഇനിയും വേണ്ടവിധം അടയാളപ്പെടുത്ത്പ്പെട്ടിടില്ല .കെ.എം .പ്രമോദ് ,കുഴൂര്‍ വില്‍സണ്‍ ,ക്രിസ്പിന്‍ ജോസെഫ് ,ടി. പി.അനില്‍കുമാര്‍ ,ടി .പി .വിനോദ്,ആദിത്യ ശങ്കര്‍ ,വിഷ്ണു പ്രസാദ് ,അജിത്‌ ,ഡോണ മയൂര ,സുനില്‍ കുമാര്‍,നിരഞ്ജന്‍ ,ദേവസേന ,ലെതീഷ് മോഹന്‍ ,രാജേഷ് ചിത്തിര,സുനില്‍ .ജി .കൃഷ്ണന്‍ ,ആര്യാംപിക,ഹസ്സന്‍ ,ശ്യാം ചുനക്കര ,നസീര്‍ കടിക്കാട്‌ ,എം.ആര്‍.വിഷ്ണു പ്രസാദ് ,ഗാര്‍ഗി .........തുടങ്ങിയ ്കവികള്‍.മറ്റൊരു തലമുറയില്‍ പെടുന്നുവെങ്ങിലും കരുണാകരന്റെയും കല്പറ്റ നാരായണന്റെയും ശ്രീകുമാര്‍ കരിയാടിന്റെയും അമ്പലപ്പുഴ ശിവകുമാറിന്റെയും സാവിത്രി രാജീവന്റെയും ചില കവിതകളെയും ശ്രദ്ധികേണ്ടതുണ്ട്.തീര്‍ച്ചയായും ഇവരില്‍ പലരും മോശം കവിതകള്‍ ഏറെ എഴുതുന്നുണ്ട്.അതേ സമയം ഇവരുടെ മികച്ച കവിതകള്‍ മലയാള കവിതയില്‍ രൂപപ്പെടാനിരിക്കുന്ന ,അഥവാ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന വ്യത്യസ്തമായ അവബോധത്തിന്റെ തിരിവുകളിലേക്ക് ,എഴുത്ത് രീതികളിലേക്ക് പോകുന്നുണ്ട്.ഇത് തൊണ്ണൂറുകളില്‍ പ്രത്യക്ഷപ്പെട്ട കവികളുടെ കാവ്യ സങ്കല്‍പ്പങ്ങളില്‍ നിന്ന് കുതറി നില്‍ക്കുന്നു.അന്‍വര്‍ അലിയും അനിത തമ്പിയും എസ് .ജോസെഫും പി.രാമനും അടക്കമുള്ളവര്‍ കവിതയെക്കുറിച്ച് നടത്തിയ പൊള്ള വര്‍ത്തമാനങ്ങളും ആഴമില്ലാത്ത നിരീക്ഷണങ്ങളും ചേര്‍ന്ന് രൂപപ്പെടുത്തിയ അവരുടെതായ പുതുകവിതാസങ്ങല്‍പ്പങ്ങളില്‍ നിന്ന് ഈ കവികളുടെ കവിതകള്‍ വേറിട്ടുനില്കാന്‍ ശ്രമിക്കുന്നു എന്നത് ശ്രദ്ധിക്കപെടേണ്ടതും സൂക്ഷ്മമായി രേഖപ്പെടുത്ത്പ്പെടേണ്ടതുമാണ്.
ഇത്തരമൊരു പ്രശ്ന പരിസരത്തില്‍ നിന്നുമാണ് കുഴൂര്‍ വിത്സന്റെ കവിതകളെ സമീപിക്കേണ്ടത് .പുറമേ അലസമെന്നു തോനാവുന്ന ഒരു ഘടന വിത്സന്റെ കവിതകള്‍ക്കുണ്ട്.ജാഗ്രതയുടെ സൂക്ഷ്മതലത്തെ കവിതയില്‍ ഒളിപ്പിച്ചു വെച്ചു കൊണ്ടുള്ള ഒരു കണ്കെട്ട് വിദ്യയാണിത്.ഒട്ടും വേഗതയില്ലെന്നു തോന്നിപ്പിച്ചുകൊണ്ടാരംഭിക്കുന്ന ഒരു ദീര്‍ഘദൂര ഓട്ടത്തിന്റെ പ്രതീതി കവിതകളില്‍ കാണാം .ദീര്‍ഘദൂര ഓട്ടത്തില്‍ വേഗതയുടെ ഊര്‍ജ്ജം സംഭരിച്ചു വെക്കുന്നത് പോലെ വികാരങ്ങളുടെ പ്രകമ്പനങ്ങള്‍ കവിതക്കടിയില്‍ പ്രവര്‍ത്തിക്കുന്നു.എന്നാല്‍ പുറത്തേക്ക് വരുമ്പോള്‍ ഒരു സമതലത്തെ ഓര്‍മ്മിപ്പിക്കും വിധം വളരെ പ്ളെയിനായ ഒരു കാഴ്ചയായി കവിത മാറുന്നു .ബലിഷ്ഠ വികാരങ്ങളുടെ കുന്നുകള്‍കും താഴ്വരകള്‍ക്കും കാടുകള്‍ക്കും പര്‍വതങ്ങള്‍ക്കും മുകളില്‍ നിസ്സംഗമായിരിക്കുന്ന ഒരാകാശം കവിതയില്‍ നിറയുന്നു.ഒപ്പം,'We are in the presence of a buzzword' എന്ന് ആധുനിക്കാനന്തര നിരൂപകനായ Dick Hebdige പറയുന്ന അര്ഥത്തില്‍ വാക്കുകളുടെ വിദൂരമായ മൂളിച്ച കവിതയില്‍ കറങ്ങിത്തിരിയുന്നു.
സ്വകാര്യമായ ഏറ്റുപറച്ചിലും ചരിത്രത്തിന്റെ കറുപ്പിലെക്കുള്ള കടന്നു കയറ്റവും സൂക്ഷ്മപ്രകൃതി ബോധവും അയാളുടെ കവിതകളിലുണ്ട് .എന്നാല്‍ ഇവയൊക്കെ പരസ്പരം അതിവര്ത്തിക്കുകയാല്‍ കൃത്യമായ ഒരു വിശകലന പദ്ധതിയെ നിരാകരിച്ചുകൊണ്ട്‌ വിത്സന്റെ കവിതകള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.

ശിവകുമാര്‍ അമ്പലപ്പുഴ
'The historical sense which involves a perception not only of the pastness of past,but of presence ;the historical sense compels a man to write not merely with his own generation in his bones but a feeling that the whole of literature in his own country has simultaneous existence and composes a simultaneous order'

-Krishnan Lal Sharma





ശിവകുമാര്‍ അമ്പലപ്പുഴയുടെ 'പഴനീരാണ്ടി 'എന്ന കവിത സമാഹാരത്തില്‍ ശ്രെദ്ധേയമായി തോന്നിയത് ചില കവിതകളിലെ നാട്ടു ഭാഷയുടെ ചെത്തവും ചൂരും ചിനപ്പും മുനപ്പുമാണ്.

'കാലങ്കോഴിക്കരള് ചുട്ട

്നീലയമരിചാറ് കൊണ്ട്

കാലകാലകളം വരച്ച്

കാരകില്‍ കടഞ്ഞ കാട്ടുകുറ്റിയില്‍

'* * * * * * *

'കളം തൂര്‍ത്തു പതം വാങ്ങി

കടം തീര്‍ത്ത് കരുമാടിപ്പൂരം'

പ്രദേശ ഭാഷയുടെ വാര്ച്ചയും തോര്ച്ചയും ഈ വിധം കവിതയില്‍ കടന്നു വരുന്നു.പുതിയ കാലത്തെ എഴുതുമ്പോഴും ഇതേ ഭാഷയെ മറ്റൊരു രീതിയില്‍ എടുത്തു പെരുമാറുന്നുണ്ട് .

'കരിനിലം കട്ടക്കളം

റിസോര്‍ട്ടില്‍ വാല്‍ മാക്രി

ഹൌസ്‌ ബോട്ടില്‍ നതോന്നത

നെറികെട്ട മണ്ണിനും

പെണ്ണിനും പെയ്ത്ത്'

മറ്റു ദേശത്തെ സൂചിപ്പിചെഴുതുംപോഴും അതേ ഭാഷയുടെ മറുപിറവി.

'തൂവാരം കുറിചിയരിയും

തോവാളപ്പൂക്കൂടയും

ഒട്ടഞ്ചത്രം മലക്കറിയും

നാമക്കല്‍ കോഴിയും

പാണ്ടിനാട് പകരം തരും'

നാട്ടുഭാഷാവഴകങ്ങള്‍ മാത്രമല്ല ,നെടിയ നാട്ടുകാഴ്ച്ചകളും നാട്ടറിവുകളും കൂടിനിവര്‍ന്ന് കവിത ഒരു പ്രദേശത്തിന്റെ പ്രത്യക്ഷമോ പ്രതീകാത്മകമോ ആയ സാന്നിദ്ധ്യമായിത്തീരുന്നു.

'കട്ടുറുമ്പിന്റെ വട്ടിപ്പണം

വരമ്പത്ത്‌ വയല്‍ കണ്ണിപ്പൂ

വാച്ചാലില്‍ പരലിണ

പെരുക്കനീറ്റില്‍ കരിഞ്ചേര

'******************************

'കടുക്കും കഞ്ഞിരക്കാ

ചവര്‍ക്കും തേങ്കൊട്ട താന്നി

ചതിക്കും ചേര്ക്കാ കടുക്ക

ചുവയ്ക്കും ചെമ്പുന്ന

മലങ്കാര കുരുട്ടുനെല്ലി

കറ കശര്‍ക്കും മരോട്ടിക്ക

കനല കാരയനി ഞാറ '



തിണ സങ്കല്പ്പമനുസരിച്ചു പറഞ്ഞാല്‍ അമ്പലപ്പുഴദേശം മരുതത്തിനയുടെയും (നാട്ടുപ്രദേശം)നെയ്തല്‍ തിണയുടെയും(കടല്‍ തീരം ) ചേരുവയാണ്. ഈ രണ്ടു തിണകളുടെയും കാഴ്ചകള്‍ 'പഴനീരാണ്ടി'യിലുണ്ട് .

'ഈറന്‍ ചിറകിലെ മഴത്തുള്ളിയെ

ഒരു മരംകൊത്തിഇറുത്തെടുക്കുന്നത് '

************************

കടലിനും കായലിനുമിടയിലെ

കാക്കത്തുരുത്ത്

ഉള്ളു തുരന്ന കരിക്കില്‍

സ്മിര്‍നോഫ് നിറക്കുമ്പോള്‍

അവള്‍ ഉള്ളു തുറന്നു '



പ്രദേശ ഭാഷയെ കവിതകളില്‍ ഉപയോഗിച്ച് വിജയിച്ചവരുടെയും പരാജയപ്പെട്ടവരുടെയും നിര മലയാള കാവ്യചരിത്രത്തിലുണ്ട്.ശിവകുമാര്‍ കവിതകളുടെ ഒരു സവിശേഷത ഇത്തരമൊരു നാട്ടു ഭാഷയെ സംഗീതത്തിലെക്കോ പൊതു ചൊല്ലല്‍ വഴിയിലേക്കോ കൊണ്ടുപോകാതെ അതിന്റെ പശിമയും ചവര്‍പ്പും കശര്‍പ്പും നിലനിര്‍ത്തിക്കൊണ്ടുള്ള എഴുത്ത് രീതി രൂപപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നതാണ് .പഴനീരാണ്ടിയിലെ കവിതകളില്‍ ചെറു സാധ്യതകളായി നില്‍ക്കുന്ന ഈ സവിശേഷതയെ കൂടുതല്‍ വിശാലമായ അര്‍ത്ഥത്തില്‍ ,കൂടുതല്‍ നവീനമായി ഉപയോഗിക്കാന്‍ ശിവകുമാര്‍ ശ്രമിക്കുമെന്നും ശ്രമിക്കണമെന്നും ഒരു വായനക്കാരനെന്ന നിലയില്‍ ഞാന്‍ ആഗ്രഹിക്കുന്നു .

നങ്ങേമക്കുട്ടിയുടെ കവിത

(നങ്ങേമക്കുട്ടി -തൃശൂര്‍ ഒളരിക്കര ഗവ:യു .പി. സ്കൂളില്‍ അഞ്ചാം ക്ളാസ്സില്‍ പഠിക്കുന്നു .മൂന്നാം ക്ളാസ്സ് മുതല്‍ കവിതയെഴുതുന്നു.)
കവിതയുടെ സിദ്ധാന്ത വല്കരണങ്ങള്‍ ഒന്നും നങ്ങേമക്കുട്ടികറിയില്ല.അതൊരു നന്മയായി കവിതകളില്‍ നിറയുന്നു.കൌതുക കണ്ണ് കവിതയില്‍ തുറന്നേ ഇരിക്കുന്നു.ബാല്യത്തില്‍ നിന്ന് കൊണ്ട് കവിതയെഴുതുമ്പോള്‍ ബാല്യത്തിന്റെ പൊതുവായ കാഴ്ചകള്‍ക്കപ്പുറതേക്ക് പോകാന്‍ ശ്രമിക്കുന്നു എന്നതാണ് ഈ കവിതകളുടെ പ്രത്യേകതയെന്നു തോന്നുന്നു .Annals of Childhood എന്നകവിതാസമാഹാരത്തിന്റെ ആമുഖത്തില്‍ Susain Quist എഴുതുന്നു:No poems of childhood not refers to childhood alone.But of the present and future too. ഈ നിരീക്ഷണം നങ്ങേമക്കുട്ടിയുടെ കവിതകളോടും ചേര്‍ന്ന് ഒന്നാണ്.എഴുതിക്കൊണ്ട് ,എഴുത്തിനെ മനസ്സിലാക്കാനുള്ള മനോഭാവത്തില്‍ സ്വയം മുഴുകുന്ന ഒരാളുടെ കവിതകളാണിവ .മഴവില്ലില്‍ മഴയെവിടെയാണെന്ന് ആരാഞ്ഞു പോകുന്ന കുട്ടികാലതിന്റെ സഹജഭാവാത്മകമായ കാവ്യപരിസരമാണ് കവിതകളില്‍ മിന്നിപ്പോലിയുന്നത്‌. ഒപ്പം പുതുകാല ബാല്യത്തിനു മാത്രം തിരിച്ചറിയാവുന്ന ഏതൊക്കെയോ ഉള്ക്കണ്ഠകളും സംഘര്‍ഷങ്ങളും പങ്കു വെക്കുകയും ചെയ്യുന്നു.കവിതയില്‍ തനിച്ചു നില്‍ക്കുമ്പോള്‍ മുന്നില്‍ വരുന്ന ലോകമെന്ന കളിക്കുട്ടുകാരനോടുള്ള ഇഷ്ടാനിഷ്ടങ്ങളും പരാതികളും പിണക്കങ്ങളും വെറുപ്പുമൊകെ ചേര്‍ന്ന് നങ്ങേമക്കുട്ടിയുടെ കവിതയുടെ ഭൂപടം നിവര്ന്നുവരുന്നു .കുട്ടിക്കാലം സമകാലികതയില്‍ ഇങ്ങനെയും ഇടപെടും എന്ന് കവിതകള്‍ കാണിച്ചു തരുന്നു.മുതിര്നവര്‍ എഴ്തുന്ന കുട്ടികവിതകളും കുട്ടികളുടെ അനുഭവ ലോകവും തമ്മിലുള്ള വ്യത്യാസവുംഈകവിതകളില്‍ തെളിയുന്നു.നങ്ങേമക്കുട്ടി കവിതയെ ഭാവിയില്‍ഉപേക്ഷിക്കുമോ എന്നെനിക്കറിയില്ല.ഉപേക്ഷിക്കതിരിക്കട്ടെ എന്നാശംസിക്കുന്നു.

Wednesday, December 1, 2010

യ ര ല വ: പൂച്ച: മധുബെൻ

യ ര ല വ: പൂച്ച: മധുബെൻ: "ഉറങ്ങാനായ് ജനിച്ചവർ എന്ന് തോന്നിക്കുമാറ് സദാ ഉറങ്ങുകയും തിന്നാനായ് ജനിച്ചവർ എന്ന് തോന്നിക്കുമാറ് ആക്രാന്തം കാട്ടി കടിച്ചുപറിക്കുന്ന പൂച്ചകൾ ..."

പൂച്ച: മധുബെൻ

ഉറങ്ങാനായ് ജനിച്ചവർ എന്ന് തോന്നിക്കുമാറ്

  • സദാ ഉറങ്ങുകയും

  • തിന്നാനായ് ജനിച്ചവർ എന്ന് തോന്നിക്കുമാറ്

  • ആക്രാന്തം കാട്ടി കടിച്ചുപറിക്കുന്ന പൂച്ചകൾ

  • അവയ്ക്കെവിടെ പ്രണയിക്കാൻ സമയം

  • എന്നിട്ടുമവർ ഒരു മറയുമില്ലാതെ ഭോഗിച്ച്

  • ഇടയ്ക്കിടെ പെറ്റുകൂട്ടുന്നു

  • ആറ് മുതൽ എട്ട് മണിക്കൂർ മാത്രമേ

  • ഉറങ്ങാവൂ എന്ന് പണ്ടാരോ

  • നിഷ്കർഷിച്ചത് കൊണ്ടാവാം

  • നാം മനുഷ്യർ പ്രണയം തേടി

  • പൊയ്ക്കൊണ്ടേയിരിക്കുന്നത്

  • ഒതുക്കത്തിലും ഗോപ്യമായും

  • സംഭോഗത്തിലേർപ്പെട്ടിട്ടും

  • വല്ലപ്പോഴും മാത്രം ഗർഭിണിയാകുന്ന സ്ത്രീ

  • എന്നാൽ ചിലരുടെ ഗർഭപാത്രങ്ങളാകട്ടെ

  • യഥാർത്ഥ പ്രണയം കണ്ടെത്തുമ്പോഴേക്കും

  • മച്ചിലിസ്റ്റിൽ പെട്ടിരിക്കാം
  • ഫാൻ: മധുബെൻ

    വീണ്ടുമൊരു രാവിന്റെ

  • കിടക്കവിരിയിലേക്ക്

  • മിനിഞ്ഞാന്നും ഇന്നലെയും ഇന്നും

  • ഒരേ വിരി

  • ഒരു പക്ഷേ നാളെയും

  • ചൂണ്ടുവിരലിനാൽ കുഴിവീണ സ്വിച്ച്

  • അതേ വാതിലും ജനലും

  • എന്നാൽ പങ്കയുടെ തൂവലുകളിൽ

  • പറ്റിപ്പിടിച്ച പൊടിപടലങ്ങൾ

  • എനിക്ക് അപരിചിതം

  • കാരണം ഇന്നലത്തെ പൊടി

  • ഇന്നലെത്തന്നെ തട്ടിക്കളഞ്ഞത്

  • ഇന്നത്തെ വിയർപ്പ് വടിച്ചും കളഞ്ഞു

  • തോന്നുമ്പോഴോ മാസാവസാനമോ

  • പങ്ക തുടച്ച് വൃത്തിയാക്കവേ

  • പ്രണയത്തിന്റെ നിറവും മണവും

  • ശ്വസിക്കാതിരിക്കാൻ മലിനപ്പെടാതിരിക്കാൻ

  • തൂവാല കൊണ്ട് മൂക്കും

  • തോർത്ത് കൊണ്ട് തലയും

  • മൂടുന്നു ഞാൻ

  • ഖൈത്താനോ ഉഷയോ എന്ന്

  • ആശ്ചര്യമൂറുന്ന സന്ദർശകരോട്

  • ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ

  • പേരറിയാത്തൊരു പങ്കയിത്

  • വർഷങ്ങൾക്ക് മുമ്പ് വാടകക്കാരൻ

  • ഫിറ്റ് ചെയ്ത് പോയത്

  • അഴിക്കാൻ മറന്നത്

  • ഉപകാരിയാണ് എങ്കിലും

  • ഞാനിതിനെ ഛി പണ്ടാരമെന്ന്

  • ഇടയ്ക്ക് വിളിക്കാറുണ്ട്...

  • ....ഓർക്കാപ്പുറത്ത് കറണ്ട് പോകുമ്പോൾ
  • യ ര ല വ

    പയ്യന്നൂർ, കാസർകോട്.. കഴിഞ്ഞ ആഴ്ച മട്ടാഞ്ചേരി. ജൂതപ്പള്ളിയ്ക്കടുത്ത് ആർട്ട്ഗാലറിയിൽ ഒത്തുകൂടി. സി.എസ്.ജയചന്ദ്രൻ, സെബാസ്റ്റ്യൻ, എസ്.കണ്ണൻ, നരേന്ദ്രൻ, മുഞ്ഞിനാട് പത്മകുമാർ, മധുബെൻ, മാധവി മേനോൻ, സന്ദീപ് പാല, ശിവശങ്കരൻ, വിപിൻ.......

  • മലയാളകവിതയുടെ, പ്രത്യേകിച്ച് പുതുകവിതയുടെ കാവ്യ-സൌന്ദര്യശാസ്ത്രങ്ങൾ ചർച്ചാവിഷയമായി. വസ്തു,ദൃശ്യം,ചിത്രം എന്നിവയിൽ നിന്ന് വികാസം പ്രാപിക്കുന്ന പ്രമേയാവിഷ്കാരവും ഭാഷയും ക്രാഫ്റ്റും പുതിയ കവിതയുടെ സർഗ്ഗാത്മകപ്രവണതയാണെന്ന് പറഞ്ഞുകൊണ്ട് എസ്.കണ്ണൻ തുടങ്ങിവെച്ച ചർച്ച വൈകുന്നേരം വരെ തുടർന്നു. ഒറ്റക്കവിതാപഠനങ്ങൾ ഇക്കാലത്തിന്റെ അനിവാര്യത ആയി മാറുമെന്ന് അഭിപ്രായം രൂപപ്പെട്ടു. അന്തരിച്ച എ.അയ്യപ്പന്റെ സ്മരണകളും കവിതകളും പലപ്പോഴും കടന്നുവന്നത് ചർച്ചയ്ക്ക് ഗൌരവവും ആധികാരികതയും പകർന്നു.